അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മ നാടായ ഗുജറാത്തിലെത്തി. അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം തേടിയാണ് മോദി ഗുജറാത്തിലെത്തിയത്. ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോദി അമ്മയെ കണ്ടത്. കാൽ തൊട്ട് വന്ദിച്ച മോദിയെ തലയിൽ തൊട്ട് അമ്മ അനുഗ്രഹിച്ചു.
രണ്ടാം വട്ടവും പ്രധാനമന്ത്രിയായതിനെ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മോദിയെ കാണുന്നതിനായി നാട്ടുകാരും ബിജെപി പ്രവർത്തകരുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം തന്നെ വീടിന് പുറത്ത് തടിച്ചു കൂടിയിരുന്നു. ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മോദി വീട്ടിലെത്തിയത്.
അഹമ്മദാബിലെ റാലിയ്ക്കും പൊതു സമ്മേളനത്തിനും ശേഷമാണ് മോദി അമ്മയെ കാണുവാനായി വീട്ടിലേക്ക് പോയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഗുജറാത്ത് ഇപ്പോഴും തനിക്കൊപ്പമാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.