കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിനുമുൻപുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ഇന്ന്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് കാർഡിഫിലാണ് മത്സരം.
ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാകും ഇന്ത്യ ഇന്നിറങ്ങുക. സന്നാഹ മത്സരത്തിൽ വിജയിച്ച് ആത്മവിശ്വസമുയർത്തി ലോകകപ്പ് പോരാട്ടത്തിനിറങ്ങുകയാണ് കോഹ് ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
പരിക്കിലുള്ള കേദാർ ജാദവ് ഈ മത്സരത്തിലും ഇറങ്ങാൻ സാധ്യതയില്ല. നാലാം നമ്പറിൽ വിജയ് ശങ്കർ എത്തിയേക്കും. ഈ ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെടുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരമായി കാണാനാവില്ല. പാകിസ്ഥാനെതിരായ മത്സരം മഴമുടക്കിയതിനാൽ ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരമാണിത്.















