Special

വന്ദേ വിനായകം

1909 ജൂലൈ 5 . ലണ്ടനിലെ കാക്സ്റ്റൺ ഹോളിൽ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ ഒരു സമ്മേളനം നടക്കുകയാണ് . ബ്രിട്ടന്റെ മണ്ണിൽ നിന്ന് ബ്രിട്ടീഷ് അടിമത്തത്തിനെതിരെ വെടിയുണ്ട പായിച്ച് സമര പ്രഖ്യാപനം നടത്തിയ ധീര വിപ്ലവകാരി മദൻ ലാൽ ധിംഗ്രയുടെ നടപടിയെ അപലപിക്കുവാൻ ചേർന്ന സമ്മേളനമായിരുന്നു അത്.

സാമ്രാജ്യത്വത്തിന്റെ അരിക് പറ്റി നിന്ന , ജനനം കൊണ്ട് മാത്രം ഇന്ത്യക്കാരായ ചിലരായിരുന്നു ഈ സമ്മേളനം സംഘടിപ്പിച്ചത് . ബ്രിട്ടീഷ് മേലാളന്മാരെ സുഖിപ്പിക്കാൻ വേണ്ടി ധിംഗ്രയ്ക്കെതിരെയുള്ള വിമർശനത്തിന്റെ കാഠിന്യം കൂട്ടാൻ എല്ലാവരും പരസ്പരം മത്സരിക്കുകയായിരുന്നു അവിടെ.

ആരോ പറഞ്ഞ് പഠിപ്പിച്ച് കൊടുത്തത് ഉരുവിടാൻ മദൻ ലാൽ ധിംഗ്രയുടെ സഹോദരനെ പോലും അവിടെയെത്തിച്ചിരുന്നു . ബ്രിട്ടീഷ് വിധേയത്വ ഭാഷണങ്ങൾ അവസാനിച്ചപ്പോൾ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ ആഗാ ഖാൻ ഇങ്ങനെ പ്രഖ്യാപിച്ചു .
“മദൻ ലാൽ ധിംഗ്രയുടെ നടപടിയെ ഈ സമ്മേളനം ഏകകണ്ഠമായി അപലപിക്കുന്നു”
ഒരു നിമിഷം
സമ്മേളന ഹാളിന്റെ മൂലയിൽ നിന്നും സിംഹഗർജ്ജനം പോലെ ഒരു ശബ്ദം നിശബ്ദതയെ ഭേദിച്ചു.
അല്ല ; ഒരിക്കലും ഇത് ഏകകണ്ഠമായല്ല ..
സദസ്സിന്റെ ശ്രദ്ധ ശബ്ദം വന്ന ഭാഗത്തേക്ക് തിരിഞ്ഞു . ചിലരൊക്കെ ആക്രോശത്തോടെ ചാടിയെണീറ്റു .
“ആരാണത് ; അല്ല എന്ന് പറയാൻ ധൈര്യമുള്ള ആരാണിവിടെയുള്ളത് ” സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ ഉച്ചത്തിൽ ആക്രോശിച്ചു.

ശാന്തവും സുദൃഢവുമായ മറുപടി വീണ്ടുമെത്തി .

ഞാൻ ; വിനായക് ദാമോദർ സവർക്കർ !!

അതായിരുന്നു സവർക്കർ . വിപ്ലവകാരികൾക്കെതിരെയുള്ള ഒരു നിലപാടും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ശരിയായ ദേശാഭിമാനി.

1857 ലെ ഐതിഹാസികമായ സമരത്തെ ശിപായി ലഹളയാക്കി ഇടിച്ചു താഴ്ത്താൻ ശ്രമിച്ച ബ്രിട്ടീഷ് പാദ സേവകർക്ക് ചുട്ട മറുപടി നൽകിയ ധീരൻ . 1857 ലെ പട്ടടകളിൽ ചാരമായത് കേവലം ചില ശിപായിമാരുടെ ലഹള മാത്രമായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ തേജസ് അതിൽ കുടികൊള്ളുന്നുവെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.

“ഭൂതകാലത്തെക്കുറിച്ചൊരു ബോധവുമില്ലാത്ത രാഷ്ട്രത്തിന് ഭാവിയുമില്ല .ഒരു ഭൂതകാലമവകാശപ്പെടാൻ മാത്രമല്ല , ഭാവിയെ സമുജ്ജലമാക്കിത്തീർക്കാൻ കൂടി ശേഷിയുള്ള ഒരു രാഷ്ട്രം നാം വളർത്തിയെടുക്കണം . രാഷ്ട്രം സ്വന്തം ചരിത്രത്തിന്റെ അടിമയാവുകയല്ല , യജമാനനാവുകയാണ് വേണ്ടത് ”

എന്ന് പ്രഖ്യാപിച്ചു കൊണ്ട് സവർക്കർ ശിപായി ലഹളയുടെ ചരിത്രം തിരുത്തിയെഴുതി . 1857 ൽ തങ്ങളുടെ പൂർവ്വികർ നടത്തിയത് ഒന്നാം സ്വാതന്ത്ര്യ സമരമാണെന്ന് ഭാരതത്തിലെ ആത്മവിസ്മൃതിയിലാണ്ട ജനതയെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് തന്നെ നിരോധിക്കപ്പെട്ട , വിപ്ലവകാരികളുടെ ഗീത എന്നറിയപ്പെട്ട 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം പിറവിയെടുക്കുന്നത് അങ്ങനെയാണ്.

ബ്രിട്ടീഷുകാരാൽ നിരോധനം ഏറ്റുവാങ്ങിയെങ്കിലും പുസ്തകത്തിന്റെ പതിപ്പുകള്‍ക്ക്‌ ഒരു പഞ്ഞവുമുണ്ടായില്ല. ബ്രിട്ടീഷ്‌ പോലീസിന്റെ പിടിയില്‍നിന്ന്‌ രക്ഷപ്പെട്ടു ഫ്രാന്‍സില്‍ താവളമടിച്ചിരുന്ന മുംബൈക്കാരി ഭിക്കാജി റസ്റ്റം കാമാ എന്ന ‘മദാം കാമ’ പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ യൂറോപ്പില്‍ പുറത്തിറക്കി.

ഗദ്ദാര്‍ വിപ്ലവപാര്‍ട്ടിയുടെ നേതാവ്‌ ലാലാ ഹര്‍ദയാല്‍ പുസ്തകത്തിന്റെ പതിപ്പ്‌ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. 1928 ൽ സാക്ഷാൽ ഭഗത് സിംഗ് അത് ഭാരതത്തിൽ പ്രസിദ്ധീകരിച്ചു. നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, 1944 ല്‍ ജപ്പാനില്‍ പുസ്തകം വീണ്ടും പുറത്തിറക്കി. ഇന്ത്യൻ നാഷണൽ ആർമിയിലെ സൈനികരുടെ പാഠപുസ്തകങ്ങളിലൊന്നായി അത് മാറിയതും ചരിത്രമാണ് .

സായുധ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനങ്ങൾ നൽകിയ സമര നായകനായിരുന്നു സവർക്കർ . ജയിലറകളിൽ കാരിരുമ്പാണികളെ തൂലികയാക്കി ജയിൽ ഭിത്തികളിൽ അദ്ദേഹം കോറിയിട്ട വിപ്ലവഗീതങ്ങൾ നിരവധി ധീര ദേശാഭിമാനികൾക്ക് പ്രേരണയായിട്ടുണ്ട്.

ആന്തമാനിലെ ഏകാന്ത തടവറയിൽ പീഡനങ്ങളുടെ ദുരന്താനുഭവങ്ങളിലേക്ക് കൂപ്പ് കുത്തുമ്പോഴും സിരകളിൽ ഭാരതമാതാവിനെ തീവ്രവികാരമായി ആവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

കുപ്രസിദ്ധമായ സെല്ലുലാർ ജയിലിൽ 11 വർഷവും രത്നഗിരിയിലെ തടവറയിൽ മൂന്നു വർഷവും തുടർച്ചയായി തടവനുഭവിച്ച അദ്ദേഹത്തെ പിന്നീട് പതിമൂന്നു വർഷം വീട്ടു തടങ്കലിലാക്കാനും ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത് ഇതൊക്കെ തന്നെയാണ്.

1966 ൽ മരണത്തെ സ്വയം വരിച്ച് സവർക്കർ ലോകത്തോട് വിടപറഞ്ഞു. മത ചടങ്ങുകളൊന്നുമില്ലാതെ വൈദ്യുത ശ്മശാനത്തിലാകണം തന്റെ അന്ത്യകർമ്മങ്ങളെന്ന് വിൽ പത്രത്തിലെഴുതി മരണാനന്തരവും വിപ്ലവകാരിയാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് വിപ്ലവകാരികളുടെ തലമുറകളെത്തന്നെ സമർപ്പിക്കാനാകും വിധം പ്രോജ്ജ്വലമായിരുന്നു സവർക്കറുടെ ജീവിതമെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അദ്ദേഹത്തെ മറക്കാനായിരിക്കും ചരിത്ര കാപട്യങ്ങൾ കൂടുതൽ പഠിപ്പിച്ചിട്ടുള്ളത്.

എങ്കിലുമോർക്കുക ! ചാരം മൂടിയ കനലുകളിലെ സമരാഗ്നിയെ ഉത്തേജിപ്പിച്ച ആ വിപ്ലവകാരിയെ മറക്കാനും മായ്ക്കാനുമുള്ള ഓരോ ശ്രമങ്ങൾക്കുമെതിരെ ഏതെങ്കിലുമൊരു ഭാരതീയന്റെ മറുപടി ഉയരുക തന്നെ ചെയ്യും..
അല്ല ; ഒരിക്കലും ഇത് ഏകകണ്ഠമായല്ല !!

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close