കോഴിക്കോട്: തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടു പോയി ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ടെറസില്‍ ഉപേക്ഷിച്ചു. കോഴിക്കോട് പന്തീരാങ്കാവിന് സമീപം പാറക്കണ്ടത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. പുതിയ പറമ്പത്ത് മാമുക്കോയയുടെ മകന് മുഹമ്മദ് ഐസാന്റെ കാലില്‍ കിടന്ന തളയും അരഞ്ഞാണവും ചെയിനുമാണ് മോഷ്ടാവ് തട്ടിയെടുത്തത്. മുറിയിലെ തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയിരിക്കുകയായിരുന്നു. മാമുക്കോയയും ഭാര്യയും ഇവരുടെ മൂത്ത കുട്ടിയും ഈ മുറിയില്‍ ഉണ്ടായിരുന്നു.
കുഞ്ഞിന്റെ കരച്ചില് കേട്ട് നോക്കിയപ്പോഴാണ് ടെറസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കോണിക്ക് സമീപമുള്ള വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. സമീപത്തുള്ള ചില വീടുകളിലും മോഷ്ടാവ് കയറുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.