ബംഗളുരു: സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐഎസ്ആര്‍ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ ഗഗന്യാന് യാഥാര്‍ത്ഥ്യമായതിന് ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് വ്യക്തമാക്കി. ‘ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സ്വന്തമായി ഒരു നിലയം സ്ഥാപിക്കുന്നത്. ഇത് വളരെ വലുതൊന്നും ആയിരിക്കില്ല. 20 ടണ്‍ മാത്രമായിരിക്കും ഇതിന്റെ ഭാരം. മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങളാകും ഇതിനുള്ളില്‍ പ്രധാനമായും നടക്കുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് 15-20 ദിവസം വരെ ഇതിനുള്ളില്‍ താമസിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും കെ.ശിവന് പറഞ്ഞു.
ഭ്രമണപഥത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാകും ബഹിരാകാശ നിലയം സ്ഥാപിക്കുന്നത്. ഗഗന്യാന് യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ പദ്ധതിയും നടപ്പിലാക്കാനാണ് നീക്കം. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ബഹിരാകാശ സഞ്ചാരികള്‍ താമസിച്ച് പഠനം നടത്തി വരുന്നത്. അമേരിക്ക, റഷ്യ, ജപ്പാന്, കാനഡ, പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഈ നിലയത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് പങ്കാളിത്തമില്ല.