ന്യുഡല്‍ഹി: കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരായി സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫ്ലാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
ഫ്ളാറ്റ് പൊളിച്ചു മാറ്റാനുള്ള ഉത്തരവിന് അവധിക്കാല ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയതിനെ നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചിരുന്നു. ഹര്‍ജിക്കാര്‍ കോടതിയെ കളിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി കുറ്റപ്പെടുത്തി. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്പ്പിക്കണെമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെ അവധിക്കാല ബഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകള്‍ പൊളിക്കാനാണ് ഉത്തരവിട്ടത്. അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.