അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന “വേനൽത്തുമ്പികൾ 2019 ”
ന് വർണ്ണാഭമായ തുടക്കം.ക്യാമ്പ് ഡയറക്ർ ഗീത ജയചന്ദ്രന്റെ അധ്യക്ഷതയിൽ
കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ.കെ. ബീരാൻ കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാമൂഹ്യ പ്രവർത്തകൻ ടി. വി. കരിയൻ, ക്യാമ്പ് അദ്ധ്യാപകൻ ബാലചന്ദ്രൻ എരവിൽ ,സെന്റർ ബാലവേദി പ്രസിഡണ്ട് തേജസ് രാജേഷ്, ജോയിന്റ് സെക്രെട്ടറി അക്ഷര സജീഷ് ,വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ , അസിസ്റ്റന്റ് ക്യാമ്പ് ഡയറക്ടർ മധു പരവൂർ, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ സ്വാഗതവും അസിറ്റന്റ് ക്യാമ്പ് ഡയറക്ർ അനിൽ പാരിപ്പളളി നന്ദിയും പറഞ്ഞു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നൂറിലധികം കുട്ടികളും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്രയോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത് .
കേരളത്തിൽ അഞ്ഞൂറിലധികം ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകനും, എഴുത്തുകാരനും , നടനുമായ ബാലചന്ദ്രൻ എരവിലാണ് ക്യാമ്പ് നയിക്കുന്നത് .വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 9 മണിവരെയാണ് ക്യാമ്പ്. 5 വയസ്സ് മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പിൽ ഉള്ളത്.
കുട്ടികളിലെ സർഗാത്മകതയെ വളർത്തുവാനും, ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടുന്നതിനും, പഠിക്കേണ്ടുന്ന കാര്യങ്ങള്‍ വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാനും ക്യാമ്പ് സഹായകമാകുന്നു . അബുദാബി കമ്മ്യൂണിറ്റി പോലീസിന്റെ സുരക്ഷാ ക്ലാസ്സുകള്‍, ചിത്ര രചന, ഗണിതം, നാടൻ പാട്ടുകൾ ,കരകൗശല വസ്തുക്കളുടെ നിർമ്മാണം , ദൈനംദിന വാര്‍ത്തകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്ന പത്രവൃത്താന്തം , പ്രസംഗ പരിശീലനം ,തിയേറ്റർ പരിപാലനം , വായനാശീലം വളർത്തുവാനുതകുന്ന പരിപാടികൾ തുടങ്ങിയവയൊക്കെ ക്യാമ്പിൽ ഉണ്ടാകും. കലാസാംസ്കാരിക – സാഹിത്യ രംഗത്തെ പ്രശസ്തരും ക്യാമ്പിൽ അതിഥികളായി എത്തും.അവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഏറെ അനുഗ്രഹവും ആഹ്ലാദവും പകരുന്നതാണ് സമ്മർ ക്യാമ്പ്. ആഗസ്ത് 9 വരെ ക്യാമ്പ് നീണ്ടുനിൽക്കും.