Yatra

ഇനിയും വരില്ലേയെന്ന് ഇലവീഴാപൂഞ്ചിറ

സുബീഷ് തെക്കൂട്ട്

പലയിടത്തും പോകുന്നവരാണ് നാം, ഒരിടത്ത് പല തവണ പോകുന്നവരും. കുട്ടിക്കാലത്ത് സ്ക്കൂൾ ടൂർ പതിവാണ്. വൺഡെ ട്രിപ്പ് ആണെങ്കിൽ മലമ്പുഴ ഡാം, അല്ലേൽ അതിരപ്പിള്ളി വെള്ളച്ചാട്ടം. മുതിർന്ന കുട്ടികൾക്ക് ദ്വിദിന യാത്ര, അത് ഊട്ടി വരെയാകാം. സമീപകാലം വരെ മലയാളിയുടെ ചോയ്സ് പരിമിതമായിരുന്നു. പതിവിടങ്ങൾ വിട്ട് പോകേണ്ടിടം മാറ്റി പിടിക്കാൻ തുടങ്ങിയത് ഈയ്യിടെ. അതുവരെ കേൾക്കാത്ത പേരുകൾ, ഇടങ്ങൾ കേൾക്കാൻ തുടങ്ങിയതും അപ്പോൾ മുതൽ. അപ്രകാരം മലയാളി കേട്ടു തുടങ്ങിയ പേരുകളാണ് ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽ കല്ലും.

സാങ്കേതികമായി കോട്ടയം ജില്ലയിലാണ് രണ്ടിടങ്ങളും, ഭൂപ്രകൃതി ഇടുക്കിയിലേതും. തൊടുപുഴയിൽ നിന്ന് അധിക ദൂരമില്ല ഇലവീഴാപൂഞ്ചിറയിലേക്ക്. തൃശൂരിലെ സാംസ്ക്കാരിക കൂട്ടായ്മയായ അയനത്തിലെ കൂട്ടുകാർക്കൊപ്പം ആയിരുന്നു യാത്ര. സംഘത്തിലെ കാരണവൻമാരിൽ ഒരാളായ ഉണ്ണ്യേട്ടന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് ലക്ഷ്യമാക്കി പകൽ പതിനൊന്ന് മണിയോടെ തൃശൂരിൽ നിന്ന് പുറപ്പെട്ടു. രണ്ട് വാഹനങ്ങളിലായി ഒമ്പത് പേർ. അങ്കമാലിയിൽ നിന്ന് ഇടത്തോട്ട്, പെരുമ്പാവൂരും മൂവാറ്റുപുഴയും പിന്നിട്ട് തൊടുപുഴ താണ്ടി ആദ്യം വിശ്രമ മന്ദിരത്തിലേക്ക്. ഇടയിൽ തൊടുപുഴയിൽ പെരിയാറിന്‍റെ കരയിൽ സുന്ദരമായ ഒരു ഭക്ഷണകേന്ദ്രം. ഹോട്ടൽ മാടത്തിപ്പറമ്പിൽ. നല്ല രുചിയോടെ ഉച്ചയൂണ്. റിസോർട്ടിലെത്തുമ്പോൾ മൂന്ന് മണി. കുളിച്ച് വസ്ത്രം മാറി ഒരുങ്ങി നിൽക്കെ, പുറത്ത് ജീപ്പ് വന്ന് നിർത്തുന്ന ശബ്ദം. രതീഷ്, മിടുക്കനായ ഡ്രൈവർ. ഓഫ് റോഡ് ഡ്രൈവിൽ വിദഗ്ധൻ. ടാറിട്ട റോഡ് കുറച്ച് ദൂരമേയുള്ളൂ, പിന്നെ അൽപം ദുർഘടമായ പാത. ജീപ്പ് മാത്രമേ പോകൂ. മലഞ്ചെരിവിലൂടെ വളഞ്ഞും തിരിഞ്ഞുമുള്ള യാത്ര. അര മണിക്കൂർ പിന്നിട്ട് പൂഞ്ചിറയിലെത്തുമ്പോൾ മുന്നിൽ മഞ്ഞ് വീഴുന്നൊരു സന്ധ്യ.

Loading...

വനവാസ വേളയിൽ പാഞ്ചാലി കുളിച്ച ചിറയത്രെ പൂഞ്ചിറ. ആ ചിറക്ക് മീതെയാണ് പുൽമേടുകളും മഞ്ഞ് പെയ്യുന്ന മലകളും. കുടജാദ്രിയിൽ എന്നതുപോൽ കയറ്റം കഴിഞ്ഞ് ഒരിടത്ത് ജീപ്പ് നിർത്തും. പിന്നെ, കുറച്ച് ദൂരം കൂടി മുകളിലേക്ക് നടത്തം. എത്ര മനോഹരം ഇലവീഴാപൂഞ്ചിറയെന്ന് മുന്നോട്ട് ഓരോ ചുവട് വെക്കുമ്പോഴും നമ്മെ തോന്നിപ്പിക്കുന്നതാണ് ആ നടത്തം. ഇരുവശവും പുൽമേടുകൾ, മന്ദമാരുതനും മഞ്ഞും ഇണ ചേരുന്ന സന്ധ്യ. മറ്റെല്ലാം മറക്കും, മനസ്സിൽ കവിത പെയ്യും, പ്രണയവും. മുകളിലെത്തിയാൽ കോടമഞ്ഞിന്‍റെ താണ്ഡവമാണ്. മഴ വീഴുന്നത് പോലാണ് മഞ്ഞ് പെയ്യൽ. മല മുകളിൽ മഞ്ഞിന്‍റെ കാൽപ്പനികത മാത്രമല്ല, അപകടം മറഞ്ഞിരിപ്പുണ്ട്.

കേരളത്തിൽ ആദ്യം ഇടിമിന്നൽ പതിക്കുന്ന ഇടങ്ങളിൽ ഒന്നാണ് ഇലവീഴാപൂഞ്ചിറ. മലമുകളിലെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമ്പോൾ അപ്രതീക്ഷിതമായാകും മിന്നലിന്‍റെ വരവ്. മിന്നലേറ്റ് മരണങ്ങൾ സംഭവിച്ചതോടെ ഇപ്പോൾ അധിക നേരം ഇവിടെ ചിലവിടുന്നതിൽ നിയന്ത്രണമുണ്ട്. അയനം ചെയർമാൻ കൂടിയായ യുവകവി വിജേഷ് എടക്കുന്നിയും മധുര ഗായകൻ ജീൻരാജും മഞ്ഞിൽ നനഞ്ഞ് ഉച്ചത്തിൽ കവിത ചൊല്ലാൻ തുടങ്ങിയതോടെ മലയേയും മനുഷ്യരേയും കാക്കുന്ന പോലീസെത്തി. മലമുകളിൽ പ്രത്യേകം ഒരുക്കിയ ക്യാമ്പ് ഹൗസിലാണ് ഇവരുടെ താമസം. പരിചയപ്പെട്ടപ്പോൾ അവരും കൂടെ കൂടി. ഇന്ന് മിന്നലില്ല, എങ്കിലും സൂക്ഷിക്കണം എന്നൊരു കരുതൽ. പാട്ട് നിർത്തി, കൂട്ടിന് നന്ദി പറഞ്ഞ് വൈകാതെ ഞങ്ങൾ മടങ്ങി. കണ്ട് കൊതി തീരാത്ത അഴകിനോട്, ഇലകൾ വീഴാൻ മരങ്ങളില്ലാത്ത പൂഞ്ചിറയോട് യാത്ര, തിരികെ റിസോർട്ടിലേക്ക്.

വിശ്രമ മന്ദിരത്തിന് പുറത്ത് മഞ്ഞും ഇരുളും പുണരുന്ന രാത്രി. മുറ്റത്ത് തീ കൂട്ടി കവിത ചൊല്ലി പുലരുംവരെ ഞങ്ങളിരുന്നു. കൂട്ടത്തിലെ അനിൽ അടിപൊളി കുക്കാണ്. ഒരു മുഴുവൻ കോഴിയുടെ ഉള്ളിൽ മസാല നിറച്ച് ഇലയിൽ പൊതിഞ്ഞ് ഇലയ്ക്ക് പുറത്ത് കളിമണ്ണ് പുതച്ച് ഞങ്ങൾക്കായി തീയിൽ വെന്തു കൊണ്ടിരുന്നു. സംഘത്തിലെ മറ്റ് രണ്ട് സീനിയേഴ്സ് തൃശൂരിലെ മെസ റസ്റ്റോറന്‍റ് ഉടമ വിജയേട്ടനും സൗപർണിക ആയുർവേദ ആശുപത്രി എംഡി സജിയേട്ടനുമാണ്. പനിക്കോളിൽ യാത്ര പുറപ്പെട്ട വിജയേട്ടന്‍റെ പനിയെല്ലാം ആ രാവിൽ പമ്പ കടന്നു. ഇരുവരും യൂത്തിനൊപ്പം, പാട്ടിനൊപ്പം കൂടി. എല്ലാം ക്യാമറയിൽ പകർത്തി ജനയുഗം ഫോട്ടോഗ്രാഫർ ജി ബി കിരണും, എന്തിനും തയ്യാറായി ഉണ്ണ്യേട്ടന്‍റെ സാരഥി സതുവും.

പിറ്റേന്നായിരുന്നു ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര. രതീഷിന്‍റെ ജീപ്പിൽ പുറപ്പാട്. അവിടേക്കും അര മണിക്കൂർ ദൂരം. ഇല്ലിക്കലിൽ എത്തിയാൽ പിന്നീടങ്ങോട്ട് നമ്മുടെ വാഹനത്തിന് പോകാൻ അനുമതിയില്ല. പഞ്ചായത്തിന്‍റെ ജീപ്പിലാണ് തുടർന്നുള്ള യാത്ര. യാത്രയും സന്ദർശനവും അടക്കം പാസിന് ചിലവ് ഒരാൾക്ക് നാൽപ്പത്തിയഞ്ച് രൂപ മാത്രം. പോകുന്നിടമെല്ലാം അതിമനോഹരം. മലയുടെ മുകളിലേക്ക് വൃത്തിയുള്ള ടാറിട്ട റോഡ്. ഈ വഴികൾ നമുക്ക് പരിചിതമാണ്, സിഐഎ എന്ന ദുൽഖർ ചിത്രത്തിലൂടെ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ഇലവീഴാപൂഞ്ചിറയും കാണാം.

ചായയും സർബ്ബത്തും മറ്റും കിട്ടുന്ന ഒരിടത്ത് ജീപ്പ് നിർത്തി. ഇനി മുകളിലേക്ക് നടന്നു കയറണം. കുത്തനെയുള്ള കയറ്റം, പിടിച്ചു പിടിച്ചുള്ള ആ കയറ്റം അൽപം ക്ളേശകരം. ഏറ്റവും മുകളിലെത്തി താഴോട്ട് നോക്കിയാൽ ചിലർക്കൊക്കെ ഭയം തോന്നും, കാൽ വിറക്കും. അവിടെ നിന്ന് നോക്കിയാൽ അൽപം ദൂരെയായി കാണുന്നതാണ് ഇല്ലിക്കൽ കല്ല്. പാമ്പിന്‍റെ പത്തി പോലെ രൗദ്രം, ഭീമാകാരം. അവിടേക്ക് നടന്നു പോകാൻ ഒരൊറ്റയടി പാതയുണ്ട്. നരകപ്പാലമെന്നാണ് പേര് തന്നെ. പോകാൻ ശ്രമിച്ച് കാൽ തെറ്റി താഴേക്ക് പതിച്ച് മരിച്ച് വീണവർ ഏറെ. മരണം പതിവായതോടെ അങ്ങോട്ടേക്കുള്ള പ്രവേശനം ഇപ്പോൾ പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.

കയറ്റം പോലെ ഇറക്കവും ക്ളേശകരം തന്നെ. വഴുക്കലുള്ള കല്ലിൽ കാൽ പിഴക്കാതെ കഷ്ടപ്പെട്ടിറക്കം. തിരികെ താഴ്‍വരയിലെത്തി ജീപ്പിൽ മടക്കം. ഇടയിലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ, ക്യാമറയുമായി ചാറ്റൽമഴയിലേക്ക് ചാടിയിറങ്ങി കിരൺ. മഴയിലൂടെ, പ്രകൃതിയിലൂടെ വേഗം കുറച്ചും ഇടയ്ക്കൊന്ന് നിർത്തിയും ഞങ്ങൾ മടങ്ങി, റിസോർട്ടിലേക്ക്, പിന്നെ തിരികെ ശക്തന്‍റെ തട്ടകത്തിലേക്ക്. മടങ്ങുമ്പോൾ ഉള്ളിലാരോ നീട്ടി വിളിക്കുന്നു, ഇനിയുമിനിയും വരൂ വരൂ എന്ന്.

ഒരിക്കലും മറക്കാത്ത രണ്ട് ദിനങ്ങൾ. ഓർമ്മയുടെ ഓലപ്പുരയിപ്പോഴും ചോർന്നൊലിക്കുന്നു. മുറിയ്ക്കുള്ളിൽ നിർത്താതെ പെയ്യുന്നു, വീശുന്നു ഇലവീഴാപൂഞ്ചിറയിലെ മഞ്ഞും മഴയും ഇല്ലിക്കലിലെ കാറ്റും.

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

292 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close