തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതായി അധികൃതര്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ പ്രണവിനു പരീക്ഷാ സമയത്ത് നല്കിയ ഉത്തരക്കടലാസ് ബുക്ക്ലെറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തി. എന്നാല്‍ മറ്റു ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവരഞ്ജിത്തിനു ലഭിച്ചു എന്നതില്‍ വ്യക്തതയില്ലെന്നും പോലീസ് അറിയിച്ചു.
പി.എസ്.സി പോലീസ് റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്തിനൊപ്പം പ്രണവും ഇടം നേടിയിരുന്നു. എന്നാല്‍ കോളേജിലെ നാക്ക് അക്രഡിറ്റേഷന് സംഘത്തിന്റെ പരിശോധനയ്ക്ക് മുന്‍പ് ഉപേക്ഷിച്ച ഉത്തരക്കടലാസ് കെട്ടുകളാണ് വീട്ടില്‍ നിന്നും കണ്ടെടുത്തതെന്നായിരുന്നു ശിവരഞ്ജിത്തിന്റെ മൊഴി.
അതേസമയം, ഹാജര്‍ നേടാനാണ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ വ്യാജ കത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
അതിനിടെ സിറ്റി പോലീസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് നേടാത്തതിനാല്‍ ഡിജിപി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഇതുവരെ ആരംഭിച്ചിട്ടില്ല.