കൊച്ചി: എറണാകുളത്ത് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍ദോ എബ്രഹാം എംഎല്‍ഐയുടെ കൈയ്ക്ക് പൊട്ടല്‍. വിദഗ്ധ ചികിത്സയ്ക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഐ നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിപിഐ നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. എംഎല്ഐ അടക്കമുള്ളവര്‍ക്കെതിരെയുള്ള പൊലീസ് നടപടി അംഗികരിക്കാനാവില്ല, വിഷയത്തില്‍ കര്‍ശനമായ നടപടിവേണമെന്നും ഇ ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തിനായി കലക്ടറെ ചുമതലപ്പെടുത്തിയത്.
സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐക്കാരും കഞ്ചാവ് മാഫിയകളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സിഐ മുരളി നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. ഐജി ഓഫീസില്‍ സംഘര്‍ഷമുണ്ടായതോടെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തുകയായിരുന്നു.