കോഴിക്കോട്: പയ്യോളി ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടില്‍ വിജയന്റെ മകന് വിഷ്ണു (20),ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുള്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം ചൈന്നെയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ഇവര്‍ അവധിയിക്ക് നാട്ടിലേയ്ക്ക വരുന്നതിനിടെയാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും അതുവഴി പോയ യാത്രക്കാരും ചേര്‍ന്നാണ് രണ്ട് പേരെയും കാറില്‍ നിന്ന് പുറത്തെടുത്തത്.
പയ്യോളി പോലീസും വടകര ഫയര്‍ഫോഴ്സ് യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.