തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. രാഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടില്‍ കൊണ്ടു പോയി ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ തമിഴ്നാട്ടിലേക്കുള്ള യാത്ര അപകടകരമാണെന്ന് തോന്നിയതോടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത്.
അതേസമയം പ്രതികളുടെ വീട്ടില്‍ നിന്നും വിഷം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനാണ് വിഷം വാങ്ങിയതെന്നാണ് അഖില്‍ പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
കൊലപാതക കുറ്റം ഏറ്റെടുക്കാനിരുന്നത് രണ്ടാം പ്രതി രാഹുല്‍ ആണെന്നും പൊലീസ് കണ്ടെത്തി. അഖിലിന്റെ ജോലി നഷ്ടപ്പെടാതിരിക്കാനായിരുന്നു രാഹുല്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍ കൂട്ടുപ്രതിയായ ആദര്‍ശ് പിടിയിലായതോടെ ഈ നീക്കം പൊളിയുകയായിരുന്നു.
അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ രാഖി എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. രാഖിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാറില്‍ കയറ്റിക്കൊണ്ടു പോയതെന്ന അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. രാഖി നിരന്തരം ആത്മഹത്യ ഭീഷണി മുഴക്കിയിതും അഖില്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയ്ക്ക് വിവാഹത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് രാഖി വാട്ട്സ് ആപ്പ് സന്ദേശം അയച്ചതും കൊലപാതകം നടത്താന്‍ കാരണമായി.