തിരുവനന്തപുരം: എലിപ്പനിയെ പ്രതിരോധിക്കാന്‍ വരുന്ന ശനിയാഴ്ച്ച മുതല്‍ ആറ് ശനിയാഴ്ച്ചകളില്‍ ഡോക്സീ ഡേ ആചരിക്കും. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡോക്സി ഡേ ആചരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകള്‍, പൊതുസ്ഥലങ്ങള്‍, പ്രളയ ബാധിത ജില്ലകളിലെ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡോക്സീബൂത്തുകള് സ്ഥാപിച്ച് ഡോക്സീസൈക്ലിന്‍ ഗുളികള്‍ സൗജന്യമായി വിതരണം ചെയ്യും. ഡോക്സീസൈക്ലിന്‍ ഗുളികകള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കുന്നതിനും എലിപ്പനിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് ഡോക്സീ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും ഏതെങ്കിലും രീതിയില്‍ മലിനജലവുമായി ബന്ധപ്പെടുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കാലമത്രയും ആഴ്ച്ചയില്‍ ഒരിക്കല്‍ പ്രതിരോധ ഗുളിക കഴിക്കണം. പനി, തലവേദന, പേശീവേദന, കണ്ണിനു ചുറ്റും ചുവപ്പ്, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.