ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 2ന് തിയറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമിതാഭ് ബച്ചനടക്കം തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് പറയുന്നത്. സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 250 കോടി മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്.

വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു, രവി കിഷന്‍, നയന്‍താര, തമന്ന, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അമിത് ത്രിവേദി സംഗീതവും ആര്‍ രത്നവേലു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.















