പ്രളയം വിഴുങ്ങിയ കേരളം അതിജീവിക്കാനുള്ള തത്രപ്പാടിലാണ്. അതിനായി കേരളത്തിലെ വടക്കനും തെക്കനും രാഷ്‌ട്രീയക്കാരും സിനിമാക്കാരും ഏവരും ഒരു പോലെ കൈക്കോര്‍ക്കുകയാണ്.
താരങ്ങള്‍ പലരും അവരുടെ സിനിമ തിരക്കുകള്‍ പോലും മാറ്റിവെച്ച് കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് വയനാട്ടിലേക്ക് ഒരു ലോറി നിറയെ സാധനങ്ങളാണ് കൊടുത്തുവിട്ടത്.
പിന്നാലെ, പൃഥ്വിരാജ് ഒരിക്കല്‍ കൂടി കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ഥിക്കുകയാണ്. സൈമാ വേദിയില്‍ വെച്ച് പരസ്യമായാണ് പൃഥ്വി കേരളത്തിനു വേണ്ടി സഹായം അഭ്യര്‍ഥിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രശസ്തരായവരെല്ലാം പങ്കെടുക്കുന്ന വേദിയാണ് സൈമാ അവാര്‍ഡ് ഷോ.
മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് വാങ്ങാന്‍ വെള്ളിയാഴ്ച രാത്രി ഖത്തറില്‍ നടന്ന പുരസ്‌കാര ചടങ്ങിനിടെയാണ് പൃഥ്വിരാജ് സഹായം അഭ്യര്‍ത്ഥിച്ചത്. ‘കൂടെ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്‌ക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. പുരസ്‌കാരം വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
മലയാള സിനിമയെ പ്രതിനിധീകരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും അതിനാല്‍ കേരളത്തെ കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്നും പൃഥ്വി പറഞ്ഞു. ‘ഏകദേശം രണ്ടു ലക്ഷത്തിലേറെ പേര്‍ ദുരന്തബാധിതരാണ്. എല്ലാം നഷ്ടപ്പെട്ടവരാണ്. ഇതില്‍ പലര്‍ക്കും നാളെ എന്നൊരു സങ്കല്‍പം പോലുമില്ല അതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് നല്‍കണ’മെന്ന് പൃഥ്വിരാജ് അഭ്യര്‍ഥിച്ചു.
മലയാള സിനിമ കൈകോര്‍ത്ത് ഞങ്ങളാല്‍ ചെയ്യാവുന്നതൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ അമ്മ അസോസിയേഷന്റെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാല്‍ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.















