ചൊവ്വ ദൗത്യം പ്രമേയമായിറങ്ങിയ മിഷന് മംഗളിനേയും പൈറസി സൈറ്റായ തമിഴ് റോക്കേഴ്സ് റാഞ്ചി. അക്ഷയ്കുമാര്‍, വിദ്യാബാലന്, സോനാക്ഷി സിന്‍ഹ, തപസി പന്നു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മിഷന് മംഗള്‍. ഓഗസ്റ്റ് 15 നാണ് മിഷന് മംഗള്‍ റിലീസ് ചെയ്തത്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സില്‍ കണ്ടു തുടങ്ങിയത്.
മിഷന് മംഗള്‍ കൂടാതെ തമിഴ് സിനിമയായ കോമാളി, സേക്രഡ് ഗെയിംസ് സീസണ്-2 വിന്റെ മുഴുവന്‍ എപ്പിസോഡുകള്‍, തെലുങ്ക് സിനിമയായ രണരംഗം, നെറ്റ്ഫ്ളിക്സ് തുടങ്ങിയ സിനിമകളും സൈറ്റില്‍ ലഭ്യമാണ്.
തമിഴ് റോക്കേഴ്സ് ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് തന്നെ കനത്ത വെല്ലുലിളിയാണ് ഉയര്‍ത്തുന്നത്. സിനിമ ഇറങ്ങി അടുത്ത മണിക്കുറുകള്‍ക്കകം തന്നെ സിനിമകള്‍ ഇത്തരം വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നേരത്തെ തെന്നിന്ത്യന്‍ സിനിമാ മേഖലയ്ക്ക് മാത്രമായിരുന്നു വെല്ലുവിളി നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ സിനിമ മേഖലയ്ക്ക് മുഴുവന്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ് തമിഴ് റോക്കേഴ്സ്.
തമിഴ് റോക്കേഴ്സ് അടക്കം നിരവധി പൈറസി സൈറ്റുകളെ മദ്രാസ് ഹൈക്കോടതി നേരത്തെ, നിരോധിച്ചിരുന്നു. ഇത്തരം വെബ്സൈറ്റുകളെ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റീസ് സഞ്ജിവ് നരൂലയാണ് ഇതില്‍ ഉത്തരവിട്ടത്. എന്നാല്‍ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും ഇത്തരം സൈറ്റുകള്‍ ഇപ്പോഴും സജീവമാണ്.