എറണാകുളം : ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ ഒരു സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം കൊച്ചി സെന്‍ട്രല്‍ എസ്ഐയെ സസ്പെന്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സിപിഐ പ്രവര്‍ത്തകന്റെ അറസ്റ്റ്.
പോലീസിനെ അക്രമിച്ച കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും പ്രതികളാണ്.സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് ലാല്‍ജിയെ ആക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെതിരെ പോലീസ് നടപടിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലാത്തി പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങിയതായും മര്‍ദ്ദിച്ചതായും പോലീസ് നേരത്തെ ആരോപിച്ചിരുന്നു.
സംഭവത്തില്‍ മാര്ച്ചിലുള്പ്പെട്ട 300 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്മെന്റിനാണ് കേസിന്റെ അന്വേഷണ ചുമതല.