ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല. ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരിക്കേറ്റതിനേ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം 80 റണ്‍സുമായി ബാറ്റ് ചെയ്യവേയാണ് ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ സ്മിത്തിന് പരിക്കേറ്റത്. ഇതിനു പിന്നാലെ 45 മിനിറ്റോളം താരം കളിക്കളത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. എന്നാല്‍ ബാറ്റിംഗ് പുനരാരംഭിച്ച സ്മിത്ത് സെഞ്ച്വറിക്ക് 8 റണ്‍സ് മാത്രം അകലെ പുറത്താവുകയായിരുന്നു.
പരിക്കിനേ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് താരത്തെ പിന്‍വലിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഇതോടെ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന ഐസിസിയുടെ പുതിയ നിയമപ്രകാരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി.
പരിക്കില്‍ തുടര്‍ പരിശോധനക്ക് വിധേയനായ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തെ പിന്‍വലിക്കുന്നതിനുള്ള കണക്ഷന്‍ സബ്സറ്റിറ്റിയൂഷന് അപേക്ഷ നല്‍കിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ സ്മിത്തിന് പകരക്കാരനായി ടീമിലെത്തിയ മാര്‍നസ് ലബുഷെയ്ന്‍ മികച്ച പ്രകടം പുറത്തെടുത്തിരുന്നു. 59 റണ്‍സ് നേടിയ ലബുഷെയ്‌നിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റില്‍ സമനില സമ്മാനിച്ചത്.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ സ്മിത്തിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ആദ്യ ഇന്നിംഗ്‌സില്‍ 144 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ 142 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്തായത്.
രണ്ടാം ടെസ്റ്റ് സമനിലയായതോടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.















