ശ്രീകൃഷ്ണന് എന്നു പറയുമ്പോള്‍ ഏവരുടേയും മുന്നില്‍ തെളിയുന്നത് മഹാഭാരതത്തില്‍ കൃഷണനായി അഭിനയിച്ച നിതീഷ് ഭരദ്വാജിനെയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൃഷ്ണന്റെ വേഷം അഭിനയിക്കാന്‍ നീതീഷ് എത്തുന്നുവെന്നാണ് വിവരം. ജന്മാഷ്ടി നാളിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം വന്നത്.
ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണന്റെ വേഷവുമായി എത്തുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയുള്ളതാണ് നാടകം.
1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തത്. അതുല്‍ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിലെ കഥകള്‍ കലിയുഗമായ ഇപ്പോള്‍ വളരെയധികം പ്രസക്തമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് നിതീഷ് പറഞ്ഞു.
ദൂരദര്‍ശന്റെ സുവര്‍ണകാലഘട്ടത്തിലെ മെഗാ പരമ്പരയായിരുന്നു ബി.ആര് ചോപ്രയുടെ മഹാഭാരതം. നിതീഷിനെ കൂടാതെ രൂപ ഗാംഗുലി, മുകേഷ് ഖന്ന, യോദ്ധയിലൂടെ വില്ലനായെത്തിയ പുനീത് ഇസാര്‍ തുടങ്ങിയവരും പരമ്പരയില്‍ അഭിനയിച്ചിരുന്നു.
മലയാളികളുടെ സ്വന്തം ഗന്ധര്വന് കൂടിയാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്റെ ഞാന്‍ ഗന്ധര്വനിലൂടെയാണ് മലയാളത്തില്‍ നിതീഷ് എത്തിയത്. തുടര്‍ന്ന് മറ്റൊരു മലയാള സിനിമ കൂടി അഭിനയിക്കാനിരിക്കെയാണ് അപ്രതീക്ഷതമായി പത്മരാജന്റെ മരണം. 2018-ല്‍ കേദാര്‍നാഥ്, 2016-ല്‍ മോഹന്ജദാരോ എന്നി ഹിന്ദി സിനിമകളിലും നിതീഷ് പ്രധാന വേഷം ചെയ്തിരുന്നു.