Entertainment

പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി ബോക്‌സ് ഓഫീസ്‌; ആകാംക്ഷയോടെ സിനിമാപ്രേമികള്‍

പൊന്നോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒന്നടങ്കം തയ്യാറെടുക്കുമ്പോള്‍ ബോക്‌സോഫീസില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ക്കായി കച്ച മുറുക്കുകയാണ് മലയാള സിനിമാ ലോകം. താരരാജക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, മുതല്‍ യുവതാരങ്ങളായ പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെയെല്ലാം സിനിമകളാണ് ഓണം റിലീസിനായി ഒരുങ്ങുന്നത്.

നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈന സെപ്തംബര്‍  ആറിന് തീയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.വെള്ളിമൂങ്ങ, ചാര്‍ലി, എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ജോജുവിന്റെയും ജിബിയുടെയും കന്നി ചിത്രമാണ് ഇട്ടിമാണി.

മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ സിനിമയും ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലേക്കെത്തും.നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിലാണ് മമ്മുട്ടി നായകവേഷത്തിലെത്തുന്നത്.സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഗാനഗന്ധര്‍വിനിലേത് എന്നാണ് സൂചന.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരുള്ള ചിത്രം സെപ്റ്റംബര്‍  ഇരുപത്തിയേഴിന്‌ സിനിമാ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

യുവതാരം നിവിന്‍പോളി നായകനായി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ഏറെ കാലത്തിന് ശേഷം നയന്‍സ് മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്‍ഡിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും.

ഓണം റിലീസിനായി തയ്യാറെടുക്കുന്ന മറ്റൊരു ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്‌നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.താരപ്രതിഭകളാല്‍ വര്‍ണ്ണാഭമാകാനൊരുങ്ങുന്ന ഈ ഓണത്തിന് ബോക്‌സ്ഓഫീസില്‍ ഈ ചിത്രങ്ങള്‍ തകര്‍പ്പന്‍ വിജയം കാഴ്ചവെക്കുമെന്നാണ് സിനിമാപ്രേമികളുടെയും വിശ്വാസം.

156 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close