ദില്ലി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രി കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തും. കമല്‍ നാഥ് മുഖ്യമന്ത്രി ആതിനാല്‍ പിസിസി പദവി ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനാകില്ലെന്ന നിലപാടിലാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും.
കഴിഞ്ഞ ദിവസം ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രിയായതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍.അതേസമയം, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തന്നെ തുടരുകയായിരുന്നു.
പല തവണ പാര്‍ട്ടി നേതൃത്വത്തെ സിന്ധ്യ അതൃപ്തി അറിയിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സിന്ധ്യ സൂചന നല്‍കിയിരുന്നു. മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തര്‍ക്കം രൂക്ഷമായതോടെയാണ് സോണിയ ഗാന്ധിയുടെ ഈ ഇടപെടല്‍.
സിന്ധ്യയുടെ ആവശ്യത്തില്‍ മുഖ്യമന്തി കമല്‍നാഥിനു കൂടി സ്വീകാര്യമായ പ്രതിവിധിയായിരിക്കും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുക. മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നത്തില്‍ അസ്വസ്ഥയായ സോണിയ നേരത്തെ പ്രശ്നം പരിഹരിക്കാന്‍ അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു.