ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണെങ്കിലും മധ്യ നിര തകര്‍ന്നു തരിപ്പണമായത് വലിയ തിരിച്ചടിയായിരുന്നു.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഇംഗ്ലണ്ടിന് തുണയായത് ജോസ് ബട്ലറുടെ ഇന്നിങ്സാണ്. ബാറ്റിങ്ങ് ഉത്തരവാദിത്തം ഏറ്റെടുത്ത ബട്ലര് അതിവേഗം സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. സാം കറണ്‍ 15 റണ്‍സിനും ക്രിസ് വോക്സ് , ജഫ്രോ ആര്‍ച്ചര്‍ എന്നിവര്‍ രണ്ടക്കം കാണാതെയും പുറത്തായി.
ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ മാര്‍ഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയസല്‍ വുഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ, ആഷസ് ട്രോഫി നഷ്ടമായ ഇംഗ്ലണ്ട് സമനിലയില്‍ പരമ്പര അവസാനിപ്പിക്കണമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പരമ്പര നേട്ടം തന്നെയാണ് ഓസ്ട്രേലിയയ്ക്ക് മുന്നിലുള്ളത്. നിലവില്‍ പരമ്പരയില്‍ 2-1 ന് മുമ്പിലാണ് ഓസ്ട്രേലിയ.
പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് വിജയം നേടാന്‍ സാധിച്ചത്. മികച്ച ഫോമിലുള്ള സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ പ്രധാന കരുത്ത്. അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി മൂന്നു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും അടക്കം 671 റണ്‍സാണ് സ്മിത്ത് പരമ്പരയില്‍ സ്വന്തമാക്കിയത്.