ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീട പ്രതീക്ഷകളുമായി അര്‍ജന്റീന മുന്നേറുന്നതിനിടെ, രാജ്യത്തിന്റെ ഫുട്‌ബോള്‍ ഭരണസംവിധാനത്തെ ഞെട്ടിച്ച് ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, സംശയാസ്പദ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലൂടെ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. എഎഫ്എ ആസ്ഥാനത്തും രാജ്യത്തെ പ്രമുഖ 17 ഫുട്‌ബോള്‍ ക്ലബ്ബുകളിലും ഒരേസമയം എഫ്ബിഐ പരിശോധന നടത്തിയതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലോഡിയോ ടാപ്പിയയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വന്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് നേരിടുന്നത്. യുഎസിലെ ബാങ്കിംഗ് സംവിധാനത്തിലൂടെ എഎഫ്എ കോടിക്കണക്കിന് ഡോളറുകളുടെ ഇടപാടുകള്‍ നടത്തിയതും അതില്‍ നിയമലംഘനമോ കള്ളപ്പണം വെളുപ്പിക്കലോ നടന്നിട്ടുണ്ടോയെന്നുമാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം.
ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് എഎഫ്എയുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഈ കമ്പനിയും എഫ്ബിഐയുടെ അന്വേഷണ പരിധിയിലാണ്. അഞ്ച് അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് ഡോളറുകള്‍ കൈമാറ്റം ചെയ്തതായും, ഏകദേശം 42 മില്യണ്‍ ഡോളറിന്റെ വരുമാനം ഫ്ളോറിഡയിലെ ഷെല്‍ കമ്പനികള്‍ വഴിയാണ് എഎഫ്എയ്‌ക്ക് ലഭിച്ചതെന്നുമാണ് ആരോപണം.
അതേസമയം, ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിഷേധിച്ചു. സാമ്പത്തിക ഇടപാടുകള്‍ നിയമാനുസൃതമാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും എഎഫ്എ അറിയിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ അര്‍ജന്റീനയുടെ ശ്രദ്ധ കളിക്കളത്തിലായിരിക്കെ, ഫുട്‌ബോള്‍ ഭരണസംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള ഈ അന്വേഷണം രാജ്യത്തെ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്.















