ന്യൂഡൽഹി : വെസ്റ്റിൻഡീസിനെ അവരുടെ മണ്ണിൽ തന്റേടത്തോടെ നേരിട്ട് അൻപതിനടുത്ത് റൺസ് ശരാശരി നേടിയ ബാറ്റ്സ്മാനായിരുന്നു ഇന്ന് അന്തരിച്ച മാധവ് ആപ്തെ. അതും ഇന്ത്യൻ ക്രിക്കറ്റ് ഒന്നുമല്ലാതിരുന്ന 1952-53 കാലത്തായിരുന്നു ഈ പ്രകടനം. അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിച്ച ഇന്ത്യ ഒരു ടെസ്റ്റിൽ മാത്രമാണ് തോറ്റത്. മറ്റ് നാലു ടെസ്റ്റുകളിലും കരുത്തരായ വിൻഡീസിനെ സമനിലയിൽ പിടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതിനു പിന്നിൽ മാധവ് ആപ്തേയുടെ തകർപ്പൻ ബാറ്റിംഗ് പ്രധാന കാരണമായിരുന്നു.
മൂന്ന് അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമടക്കം 460 റൺസാണ് ആപ്തെ അന്ന് അഞ്ച് ടെസ്റ്റുകളിൽ നിന്ന് അടിച്ചു കൂട്ടിയത്. ഇതു കൂടാതെ വെറും രണ്ട് ടെസ്റ്റുകൾ കൂടിയേ കളിക്കാൻ ആപ്തേക്ക് കഴിഞ്ഞുള്ളൂ. പിന്നീടൊരിക്കൽ പോലും ഇന്ത്യൻ ടീമിലേക്ക് ആപ്തേ തെരഞ്ഞെടുക്കപ്പെട്ടില്ല. അതിന്റെ കാരണം ഏറെക്കാലത്തേക്ക് അജ്ഞാതമായിരുന്നു.ടെസ്റ്റ് ടീമിൽ നിന്ന് തഴയപ്പെട്ടെങ്കിലും ഏതാണ്ട് എഴുപത് വയസ്സുവരെ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചിരുന്നു ആപ്തെ. അറുപത് വയസ്സിലെത്തി നിൽക്കെ ടിനു യോഹന്നാന്റെ പന്ത് നേരിട്ടിട്ടുണ്ട് ആപ്തെ. ടിനുവിന് അന്ന് ആപ്തേയുടെ പകുതി പ്രായം . മുപ്പത് വയസ്സ്.
പതിനഞ്ചാം വയസ്സിൽ സച്ചിൻ ടെണ്ടുൽക്കറിന് മുംബി ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ കളിച്ചു തുടങ്ങാൻ കാരണം ഒരർത്ഥത്തിൽ ആപ്തേ ആണ്. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് കർശനമായ പ്രായ നിബന്ധന ഇളവ് ചെയ്തത്. അങ്ങനെയാണ് സച്ചിൻ മുംബൈ ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കുന്നതും പിന്നീട് വലിയ ഉയരങ്ങൾ കീഴടക്കുന്നതും.സച്ചിന്റെ ബാറ്റിംഗ് കണ്ട ആപ്തേ അന്നു പറഞ്ഞത് ഉത്തരവാദിത്വത്തോടെ കളിച്ചാൽ ഈ പയ്യൻ ലോകോത്തര ബാറ്റ്സ്മാനാകുമെന്നും സെഞ്ച്വറികൾ വാരിക്കൂട്ടുമെന്നുമായിരുന്നു. പ്രവചനം ഫലിച്ചു. സച്ചിൻ ഉത്തരവാദിത്വം കാണിച്ചു . ബാക്കി ചരിത്രം.
മാധവ് ആപ്തേ പിന്നെ ടീമിൽ തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ കാരണമായ വിഷയം പക്ഷേ ക്രിക്കറ്റായിരുന്നില്ല. ബിസിനസ് ആയിരുന്നു. അന്നത്തെ സെലക്ടറായിരുന്ന ലാല അമർനാഥിന് മാധവ് ആപ്തേയുടെ അച്ഛന്റെ പക്കൽ നിന്ന് ഒരു കാര്യം സാധിക്കാനുണ്ടായിരുന്നു. കോഹിനൂർ മില്ലിന്റെ തുണിവ്യാപാരത്തിന്റെ ഏജൻസി ആയിരുന്നു അമർനാഥിനു വേണ്ടിയിരുന്നത്. എന്നാൽ മാധവിന്റെ അച്ഛൻ അതിനൊരുക്കമായിരുന്നില്ല. അച്ഛനോടുള്ള അപ്രീതി മകനോടാണ് ലാലാ അമർനാഥ് കാണിച്ചതത്രെ. പിന്നീട് ഒരിക്കലും മാധവ് ആപ്തെ ഇന്ത്യൻ ടീമിലെത്തിയില്ല. ആത്മകഥയിലാണ് അദ്ദേഹം ഇത് വിശദമാക്കിയത്.















