ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണവുമായി ബന്ധപ്പെട്ട റീപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. തലയിൽ പ്രധാനമായും നാല് ഗുരുതര മുറിവുകളാണ് കണ്ടെത്തിയതെന്നും, തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു.
തലയുടെ പിന്നിലും നെറ്റിയിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ലാപ്ടോപ്പ് പോലുള്ള കഠിന വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ ആക്രമിച്ചിരിക്കാമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കൈമുട്ടിലും കാലിലും മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
സാവരിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം നടത്തിയത്. ശരീരത്തിൽ മറ്റ് ആക്രമണത്തിന്റെ അടയാളങ്ങളുണ്ടെന്ന കുടുംബത്തിന്റെ സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്.
അതേസമയം, സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. പ്രതിയായ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉസ്ബെക്കിസ്ഥാനിലെയും കേരള പൊലീസിന്റെയും അന്വേഷണം വിവിധ വശങ്ങൾ കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.















