സൂറത്ത്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ പകരക്കാരിയായി പതിനഞ്ചുകാരി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഹരിയാനയിലെ റോത്തക് സ്വദേശിയായ ഷഫാലി വര്‍മ്മയാണ് റെക്കോര്‍ഡോടെ ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റില്‍ അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് പുറമേ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഷഫാലിയെ തേടിയെത്തി. നേരത്തെ, 1978ല്‍ തന്റെ 14ാം വയസില്‍ അരങ്ങേറ്റം കുറിച്ച ഗാര്‍ഗി ബാനര്‍ജിയാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരം.
ആഭ്യന്തര ക്രിക്കറ്റില്‍ 6 സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളുമടക്കം 1,923 റണ്‍സാണ് ഷഫാലിയുടെ സമ്പാദ്യം. ഇതിനു മുന്‍പ്, 2018-19 സീസണില്‍ ഇന്റര്‍ സ്റ്റേറ്റ് വുമണ്‍ ടി20യില്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിലൂടെ ഷഫാലി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് നാഗാലാന്റിനെതിരെ വെറും 56 പന്തില്‍ നിന്നും 128 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.















