ന്യൂഡല്‍ഹി: ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രംകുറിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ വനിതാ ബോക്‌സിംഗ് താരം മേരീകോം.ഏഴാം സ്വര്‍ണ്ണമെന്ന ചരിത്രനേട്ടമാണ് മേരീകോമിനെ കാത്തിരിക്കുന്നത്.റഷ്യയില്‍ അടുത്തമാസം ആദ്യവാരത്തിലാണ് ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.എതിരാളിയെ തളര്‍ത്താനാകുന്ന പുതിയ തന്ത്രങ്ങളാണ് ഇത്തവണ പയറ്റുകയെന്നാണ് ഭാരതീയ താരം പറയുന്നത്.
എതിരാളിയെ ആക്രമിക്കാനെന്ന വ്യാജേന കളിക്കുന്ന രീതിയാണ് പരിശീലിക്കുന്നത്. ഇത്തരം തന്ത്രത്തില്‍ എതിരാളി പെട്ടന്ന് ആക്രമിക്കാന്‍ തുനിയും പക്ഷെ എന്നില്‍ നിന്ന് വരാനിരിക്കുന്നത് അപ്രതീക്ഷിതമായ പ്രതികരണമായിരിക്കും, മേരി കോം പറഞ്ഞു.
മുപ്പത്താറുകാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ മേരീകോം ഒളിമ്പിക്‌സ് യോഗ്യതയായ 51കിലോഗ്രാം വിഭാഗത്തിലാണ് റിംഗിലിറങ്ങുന്നത്.ചൈനയുടെ ചാങ് യുവാന്‍,തായ്‌പേയിയുടെ ലിന്‍ യു തിങ്,വടക്കന്‍ കൊറിയയുടെ പാങ് ചോല്‍ മീ, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയ എന്നിവരാണ് എതിരാളികള്‍.
പത്തുപേരടങ്ങുന്ന മികച്ച കായികതാരങ്ങളാണ് ഇന്ത്യക്കായി ലോകചാമ്പ്യന്‍ഷിപ്പില്‍ പോരാടാനിറങ്ങുന്നത്. ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണം,വെള്ളി നേടുന്നവര്‍ക്ക് നേരിട്ട് ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മല്‍സരത്തിലേയ്‌ക്ക് പ്രവേശനം നല്‍കുമെന്ന് ബോക്‌സിംഗ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.















