ന്യൂഡല്‍ഹി: ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയ മികച്ച പ്രകടനത്തോടെ ദീപക് പൂനിയ 86 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറിലെത്തി. ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ പ്രതീക്ഷ ബജരംഗ് പൂനിയയ്‌ക്ക് പക്ഷെ 65 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായി.വനിതകളില്‍ മികച്ചപ്രകടനം നടത്തിയ വിനേഷ് നാല് സ്ഥാനം കടന്നാണ് ലോക രണ്ടാം നമ്പറായത്.
ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കണങ്കാലിനേറ്റ പരിക്കാണ് ദീപക്കിന് സ്വര്‍ണ്ണം നഷ്ടമാക്കിയത്. ആദ്യമായാണ് ദീപക് സീനിയര്‍ വിഭാഗത്തില്‍ കളിക്കാനിറങ്ങുന്നത്.82 പോയിന്റുകളാണ് 20കാരനായ ദീപക്കിന് കിട്ടിയത്.ഈ വര്‍ഷം തുടര്‍ച്ചയായ പോരാട്ടങ്ങളില്‍ രണ്ടു വെളളിയും രണ്ട് വെങ്കലവും ഇന്ത്യന്‍ യുവതാരം നേടിക്കഴിഞ്ഞു.
ഇതിനിടെ തലനാരിഴയ്‌ക്ക് ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി കൈവിട്ട ബജരംഗ് രണ്ടാം സ്ഥാനത്തേക്കാണ് ഇറങ്ങേണ്ടിവന്നത്.25 കാരനായ ഇന്ത്യന്‍ താരത്തിന് 63 പോയിന്റാണ് ലഭിച്ചത്. ഒന്നാം സ്ഥാനത്തുവന്നത് റഷ്യയുടെ ഗാഡ്‌സീമുറാദ് റഷീദോവാണ്.
ഇവര്‍ക്കൊപ്പം 57 കിലോയില്‍ രാഹുല്‍ ആവ്‌റേ രണ്ടാം സ്ഥാനവും രവി ദാഹിയ 5-ാം സ്ഥാനത്തുമെത്തി.വനിതാവിഭാഗത്തില്‍ വിനേഷിനൊപ്പം 50 കിലോയില്‍ മഞ്ജു കുമാരി,സീമ ബിസ്ല,പൂജ ദാന്‍ദ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനത്ത് തുടരുകയാണ്.















