ലണ്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് വുമണ്‍ എന്ന നിലയില്‍ കരിയറില്‍ ഒട്ടനവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ താരമാണ് സാറാ. വിക്കറ്റ് കീപ്പിങ്ങില്‍ തന്റേതായ സ്ഥാനം നേടിയ സാറാ തുടര്‍ച്ചയായുള്ള പരിക്കുകളെ തുടര്‍ന്നാണ് വിരമിക്കാന്‍ തീരുമാനിച്ചത്.
പരിക്കുകള്‍ തന്നെ വിരമിക്കാന്‍ നിര്‍ബന്ധിതയാക്കുന്നുവെന്നും ശരീരത്തിന് ഇപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും സാറാ പറഞ്ഞു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി അറിയിക്കുന്നതായും ഇംഗ്ലണ്ട് ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചത് തന്റെ കരിയറിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും സാറാ കൂട്ടിച്ചേര്‍ത്തു.
പതിനേഴാം വയസ്സിലാണ് സാറാ ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റേം കുറിക്കുന്നത്. ഇംഗ്ലണ്ടിനു വേണ്ടി 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 300 റണ്‍സും 126 ഏകദിനത്തില്‍ നിന്ന് 4056 റണ്‍സും 90 ട്വന്റി20യില്‍ നിന്ന് 2177 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ പരിക്കുകള്‍ മൂലം സമീപകാലത്തെ പ്രകടനം മികച്ച രീതിയിലാക്കാന്‍ സാറയ്‌ക്ക് സാധിച്ചിരുന്നില്ല.















