ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ആയ അസ്ത്ര വ്യോമസേനയ്ക്ക് കരുത്തേകാന്‍ തയ്യാറായി. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ 15 വര്‍ഷത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയാണ് മിസൈലുകള്‍ വികസിപ്പിച്ചത്. തുടക്കം 200 അസ്ത്ര മിസൈലുകള്‍ ഓര്‍ഡര്‍ ചെയ്യുമെന്നാണ് വ്യോമസേന അറിയിച്ചത്.
ഈ വിഭാഗത്തില്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ മിസൈലാണിത്. അസ്ത്രയുടെ ദൂരപരിധി 110-ല്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരപരിധി ഉയര്‍ത്താന്‍ ഇതിനോടകം തന്നെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഇന്ന് ലോകത്തില്‍ വെച്ച് ഏറ്റവും മികച്ച ബി.വി.ആര്.എമ്മുകളില്‍ ഒന്നാണ് അസ്ത്രയാണെന്ന് ഡിആര്‍ഡിഒ തലവന്‍ ഡോ.ജി സതീഷ് റെഡ്ഡി പറഞ്ഞു.
ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകളുടെ പ്രധാന്യം ബോധ്യമായത് ഫ്രെബുവരി 27-ന് ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശമായ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ
ആക്രമണത്തോടെയാണെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇത്തരം ദീര്‍ഘദൂര പരിധിയുളള സൂപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ധാരണയായിരുന്നു.
റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനമാണ് സാധാരണ മിസൈല്‍ വിക്ഷേപണത്തിന് വ്യോമസേന ഉപയോഗിക്കുന്നത്. എന്നാല്‍ സുഖോയിക്ക് ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനമാണ് തേജസ്. ഏത് കാലാവസ്ഥയിലും അസ്ത്രയെ വഹിക്കാന്‍ സാധിക്കുമെന്നതാണ് തേജസിന്റെ പ്രത്യേകത.
ഒന്നിലധികം ലക്ഷ്യങ്ങള്‍ ഒരേസമയത്ത് കൈകാര്യം ചെയ്യാന്‍ കഴിവുള്ള അസ്ത്രയ്ക്ക് ശത്രുവിന്റെ യുദ്ധവിമാനത്തെ സെക്കന്റുകള്‍ക്കുള്ളില്‍ ജാമാക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു സമയവും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് സജീവമായിട്ടുള്ള റഡാര്‍ സംവിധാനം, വളരെ കൃത്യതയോടെയുള്ള എന്‍ഡ് ഗെയിമിങ് അല്‍ഗോരിതവും ഇതിന്റെ പ്രത്യേകതയാണ്. മണിക്കൂറില്‍ 5,555 കിലോമീറ്ററിലേറെ വേഗത്തില്‍ അസ്ത്രയ്ക്ക് പറക്കാന്‍ കഴിയും
ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നായിരുന്നു അസ്ത്രയുടെ ആദ്യ പരീക്ഷണം നടന്നത്. കൃത്യതയോടെ 80 മുതല്‍ 86 കിലോമീറ്റര്‍ ദൂരപരിധിയിലേക്കാണ് അസ്ത്ര വിക്ഷേപിച്ചത്. ഭാവിയില്‍ വായുവില്‍ നിന്ന് വായുവിലേക്കും , ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും വിക്ഷേപിക്കാനുള്ള മിസൈലുകള്‍ വികസിപ്പിക്കുമെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി.
955 കോടി രൂപ മുടക്കി 2004- മാര്‍ച്ചിലാണ് അസ്ത്ര മിസൈല്‍ പദ്ധതി ആരംഭിച്ചത്. തുടക്കം മുതല്‍ എയറോഡൈനാമിക് കോണ്ഫിഗറേഷന് പോലുള്ള ഒട്ടേറെ സാങ്കേതിക വെല്ലുവിളികള്‍ അസ്ത്ര നേരിട്ടിരുന്നുവെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ അസ്ത്ര യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തയ്യാറായത്.