വിശാഖപട്ടണം : ദക്ഷിണാഫ്രക്കക്കെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ. ആദ്യദിനം ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 202 റൺസെന്ന നിലയിലാണ് മത്സരം അവസാനിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം നേരത്തെ നിർത്തിയത്. സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും അർദ്ധസെഞ്ച്വറിയുമായി മായങ്ക് അഗർവാളുമാണുമാണ് ക്രീസിലുള്ളത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. റബാദയും ഫിലാൻഡറും മികച്ച രീതിയിൽ പന്തെറിഞ്ഞതിനാൽ ഇന്ത്യൻ തുടക്കം സാവധാനമായിരുന്നു. പിന്നീട് ഫോമിലേക്കുയർന്ന രോഹിത് 154 പന്തിലാണ് സെഞ്ച്വറി നേടിയത്. 12 ഫോറുകളും അഞ്ച് സിക്സറുകളും രോഹിത് അടിച്ചു കൂട്ടി.
രോഹിതിനൊപ്പം ഓപ്പൺ ചെയ്ത മായങ്ക് അഗർവാളും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യൻ സ്കോർ 200 റൺസ് കടന്നത്. 183 പന്തിൽ 84 റൺസുമായി ക്രീസിലുള്ള മായങ്ക് 11 ഫോറുകളും 2 സിക്സറുകളും അടിച്ചുകൂട്ടി.















