വിശാഖപട്ടണം: ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി കുറിച്ച രോഹിത് ശര്‍മ്മക്ക് പിന്നാലെ മയങ്ക് അഗര്‍വാളിനും സെഞ്ച്വറി. രോഹിത്തിന് ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച അഗര്‍നാളിന്റെ കന്നി ടെസ്റ്റ് സെഞ്വറിയാണ് വിശാഖപട്ടണത്ത് പിറന്നത്. അതേസമയം മറുഭാഗത്ത് രോഹിത് 150 റണ്‍സ് പിന്നിട്ടു കഴിഞ്ഞു.
204 പന്തുകള്‍ നേരിട്ട മയങ്ക് 13 ബൗണ്ടറികളുടേയും 2 സിക്‌സറുകളുടേയും അകമ്പടിയോടെയാണ് സെഞ്ച്വറി തികച്ചത്. മത്സരത്തിന്റെ 69ാം ഓവറില്‍ സിംഗിളിലൂടെയാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 202 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ്. തുടര്‍ന്ന് ഇന്ന് 84 റണ്‍സില്‍ കളി പുനരാരംഭിച്ച മയങ്ക് ശ്രദ്ധയോടെയാണ് തുടങ്ങിയത്.
രോഹിത്തും (150*) അഗര്‍വാളും (112*) മികച്ച ഫോമിലായതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഇടവേളക്ക് പിരിയുമ്പോള്‍ ഇന്ത്യ 75 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 264 റണ്‍സ് നേടിയിട്ടുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. റബാദയും ഫിലാൻഡറും മികച്ച രീതിയിൽ പന്തെറിഞ്ഞതിനാൽ ഇന്ത്യൻ തുടക്കം സാവധാനമായിരുന്നു. പിന്നീട് ഫോമിലേക്കുയർന്ന രോഹിത് 154 പന്തിലാണ് സെഞ്ച്വറി നേടിയത്. രോഹിതിനൊപ്പം ഓപ്പൺ ചെയ്ത മായങ്ക് അഗർവാളും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യൻ സ്കോർ 200 റൺസ് കടന്നത്.















