ലണ്ടന്: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മികച്ച ക്രിക്കറ്റ്താരം ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്‌ക്ക് അപൂര്‍വ്വ ബഹുമതി.ലണ്ടന് ആസ്ഥാനമായുള്ള മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് അംഗീകാരം നല്‍കിയത്. എംസിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘടനയാണ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്.പരീശീലനകാര്യങ്ങളിലെ നിയമങ്ങളുടെ അവസാനവാക്കായ എംസിസി മാനുവലുകള്‍ ഏറെ പ്രസിദ്ധമാണ്.
എംസിസിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് കുമാര്‍ സംഗക്കാര. ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറായും ബാറ്റിംഗ് കരുത്തായും തിളങ്ങിയ സംഗക്കാര, ആന്റണി വ്രഫോഡിന്റെ പിന്‍ഗാമിയായിട്ടാണ് ചുമതലയില്‍ വരുന്നത്.ഒരു വര്‍ഷത്തേക്കാണ് കാലാവധി.
1787ല്‍ സ്ഥാപിതമായ ക്ലബ്ബ് 1814 മുതല്‍ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.1788 മുതലാണ് ക്രിക്കറ്റ് നിയമങ്ങള്‍ തീരുമാനിക്കാനായി എംസിസിയെ ചുമതപ്പെടുത്തിയത്.മുന്‍ ഇംഗ്ലീഷ് താരങ്ങളിലൊരാളായ മൈക് ഗാറ്റിംഗാണ് അന്താരാഷ്ടതലത്തില്‍ അറിയപ്പെടുന്നവരില്‍ പ്രസിഡന്റായിരുന്ന മറ്റൊരു വ്യക്തിത്വം.















