വിശാഖപട്ടണം: വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗാസിൽ ദക്ഷിണാഫ്രിക്ക 431 റൺസിന് പുറത്ത്. സ്പിന്നർ രവിചന്ദ്ര അശ്വിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. നാലാം ദിന പ്രോട്ടിസിന് കൂട്ടിച്ചേർക്കാനായത് 43 റൺസ് മാത്രമാണ്. ഇതോടെ ഇന്ത്യക്ക് 71 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മായങ്ക് അഗർവാളിന്റെ വിക്കറ്റ് നഷ്ടമായി.
മൂന്നാം ദിനത്തിൽ ഓപ്പണർ ഡീന്‍ എല്‍ഗറും ക്വിന്റൺ ഡി കോക്കും നേടിയ സെഞ്ച്വറിയാണ് സന്ദർശകരെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 341 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ആര്‍ അശ്വിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നും. എൽഗർ 160 റൺസ് നേടിയപ്പോൾ ഡികോക്ക് 111 റൺസ് നേടി.
നേരത്തേ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ച്വറിയും രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. രോഹിത് 176 റൺസെടുത്ത് പുറത്തായപ്പോൾ മായങ്ക് 215 റൺസെടുത്തു.















