കോട്ടയം: ജൂനിയര്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കായികാധ്യാപകരെയും വിധികര്‍ത്താക്കളെയും പോലീസ് ചോദ്യം ചെയ്യും. ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ മത്സരങ്ങള്‍ക്ക് നേത്യത്വം നല്കിയ കായിക അധ്യാപകരെയും വിധികര്ത്താക്കളെയുമാണ് പാലാ പോലീസ് ചോദ്യം ചെയ്യുക.
ദൃക്സാക്ഷികളായ മത്സരാര്‍ത്ഥികളില്‍ നിന്നും വോളണ്ടിയര്‍മാരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരം നടത്തിയ സംസ്ഥാന അത്ലറ്റിക് അസോസിയേഷന് ഗുരുതര വീഴ്ച്ചയാണ് വരുത്തിയതെന്ന് ആര് ഡി.ഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ജൂനിയര്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
അഫീല്‍ ജോണ്‍സന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അഫീലിന്റെ ആരോഗ്യ നിലയെ കുറിച്ച് കൂടുതലായി അടുത്ത ദിവസം പ്രതികരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.