ന്യൂഡല്‍ഹി: ചൈനീസ് നിയന്ത്രണരേഖയില്‍ നൂതന സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ പീരങ്കികള്‍ വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ പുതിയ എം 777 അള്‍ട്രാ ലൈറ്റ് പീരങ്കികള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അധികൃതര്‍ അറിയിച്ചു.
ഹെലികോപ്റ്ററുകളില്‍ എളുപ്പത്തില്‍ കയറ്റാനും ഉയര്‍ന്ന പര്‍വത പ്രദേശങ്ങളില്‍ വേഗത്തില്‍ വിന്യസിക്കാനും കഴിയുന്ന 155 എംഎം / 39-കാലിബര്‍ പീരങ്കികളാണ് ഇന്ത്യ വിന്യസിക്കാന്‍ ഒരുങ്ങുന്നത്. 2016 നവംബറില്‍ 750 മില്യണ്‍ ഡോളറിന് അമേരിക്കയില്‍ നിന്ന് 145 നൂതന പീരങ്കികള്‍ വാങ്ങാന്‍ ധാരണയായിരുന്നു. 24-30 കിലോമീറ്റാണ് ഇവയുടെ ദൂരപരിധി.
വടക്ക്-കിഴക്കന്‍ മേഖലകളില്‍ 145 പീരങ്കികള്‍ വിന്യസിച്ചു കൊണ്ട് സൈന്യം പുതിയ ഏഴ് റെജിമെന്റുകള്‍ സജ്ജീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എം 777 നിര്‍മാതാക്കളായ ബിഎഇ സിസ്റ്റംസ് നിര്‍മ്മാണം പൂര്‍ത്തിയായ 25 പീരങ്കികള്‍ വിതരണം ചെയ്യുന്നുണ്ട്. ശേഷിക്കുന്ന 120 പീരങ്കികള്‍ മഹീന്ദ്ര ഡിഫന്‍സുമായി സഹകരിച്ച് മോദി സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തില്‍ പ്രാദേശികമായാണ് നിര്‍മ്മിക്കുക. 2021 അവസാനത്തോടെ സൈന്യത്തിന് എല്ലാ പീരങ്കികളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2015 സെപ്റ്റംബറില്‍ 1.18 ബില്യണ്‍ ഡോളറിന് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും 15 ചിനൂക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായിരുന്നു. അവയില്‍ ആറെണ്ണം ഇതിനകം സേനയുടെ ഭാഗമായിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത ആക്രമണ ഹെലികോപ്റ്ററുകളായ അപ്പാഷെ എഎച്ച് -64ഇയും രണ്ട് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാന്‍ വ്യോമസേന പദ്ധതിയിടുന്നുണ്ട്.















