Yatra

ശ്രാവണബെലഗോള

ജംഷീർ കരിമ്പനക്കൽ എടക്കാടൻ

ശ്രാവണ ബെലഗോളയെപ്പറ്റി പരിസ്ഥിതി സ്നേഹിയും സഞ്ചാരിയുമായ ജംഷീർ കരിമ്പനക്കൽ എടക്കാടൻ എഴുതിയ യാത്രാവിവരണം അദ്ദേഹത്തിന് ആദരമർപ്പിച്ച് കൊണ്ട് ജനം ടിവി പ്രസിദ്ധീകരിക്കുന്നു.

ശ്രാവണബെലഗോള,ആദ്യമായി അറിയുന്നത് ഏതോ പത്ര സപ്പ്ളിമെന്റിൽ മഹാഹസ്താഭിഷേകതെ പറ്റി വന്ന ആർട്ടിക്കിൾ വായിച്ചാണ്, അതും പ്ലസ് ടുന് പഠിക്കുമ്പോൾ. പലവട്ടം പോകാൻ ഇട്ട പദ്ധതി ഫുട്ബോൾ പ്രതീക്ഷകൾ പോലെ പകുതി വഴിക്ക് മുടങ്ങാറാണ് പതിവ്. അതെ ചില യാത്രകളും സ്ഥലങ്ങളും നമ്മൾ ആഗ്രഹിക്കുമ്പോൾ അല്ല അവ നമ്മളെ ആഗ്രഹിക്കുമ്പോളെ എത്താൻ പറ്റൂ.

ശ്രാവണബെലഗോള എത്ര മനോഹരമായ പേര്.എന്റെ കൂടെ വന്ന ഷാൻ ആ പേര് വീണ്ടും വീണ്ടും ഉരുവിടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ശ്രാവണമാകുന്ന വെളുത്ത നിറമുള്ള ബേല (വെള്ളം )നിറഞ്ഞ തടാകം, പേര് അന്വർഥമാക്കുന്ന പട്ടണവും ജൈന ക്ഷേത്രങ്ങളും. മൈസൂരും ബാംഗ്ലൂരും കൂർഗും മാത്രം കർണാടകയിൽ ശ്രദ്ധിക്കുന്ന നമ്മൾ കേരളീയർ അധികം കേൾക്കാത്ത പേര്. ഭാരത്തിലെ 60 ലക്ഷത്തോളം വരുന്ന ജൈനരുടെ പുണ്യസ്ഥലം. ജീവിതത്തിൽ ഒരിക്കൽ മാത്രം വയനാട് ജൈനക്ഷേത്രത്തി പോയ അനുഭവവുമായി ഞാൻ പോയി കണ്ട മഹാഅത്ഭുതം. അങ്ങനെ തന്നെ പറയാന്‍ കാരണം 2007 ൽ ‘ടൈംസ് ഓഫ് ഇന്ത്യ ‘ ഭാരതത്തിലെ 07 മഹാഅത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു ഈ പുണ്യഭൂമിയെ.

കർണാടക, ഹസ്സൻ ജില്ലയിലെ ചെന്നരായപട്ടണയിലെ ചന്ദ്രഗിരി, വിദ്യാഗിരി കുന്നുകളിൽ പടർന്നു കിടക്കുന്ന ജൈന ക്ഷേത്രങ്ങളും ആശ്രമങ്ങളും പടിഞ്ഞാർ ഗംഗ വംശജരുടെയും ശിൽപ ചാരുതയും വാസ്തു വിദ്യയുടെയും ആകർഷണീയത കാട്ടി തരുന്നു.വിദ്യാഗിരി യിൽ ചന്ദ്രഗുപ്‌ത മൗര്യനും ആചാര്യ ഭദ്രാബാഹുവും ജൈന സന്യാസി ആയി താമസിച്ചതും ചന്ദ്രഗുപ്തൻ ബി സി 298 ൽ മോക്ഷം പ്രാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അവിടെയുള്ള ചന്ദ്രഗുപ്ത ബാസതി അശോക ചക്രവർത്തി നിർമ്മിച്ചതാണത്രേ. ഇവിടെയാണ്, ഇന്ന് നാം കാണുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ ശില്പമായ ‘ഗോമതേശ്വര വിഗ്രഹം ‘ അഥവാ ബാഹുബലി യെ കാണാൻ സാധിക്കുക.ഞങ്ങൾ പോകുന്ന സമയം 12 വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള മഹാഹസ്താഭിഷേകം കാണാൻ സാധിച്ചു. ഇനി 2030 ആണത്രേ അടുത്തത്.

കുത്തനെയുള്ള വെട്ടിവെച്ച കൽപടവുകൾ കയറി വേണം ക്ഷേത്രത്തിൽ എത്താൻ.ആ കയറ്റത്തിൽ പലതവണ ഇരുന്നു കയറിയ എന്റെ ജിമ്മൻ സുഹൃത്തായ ബിൻഷാദിന്റെ കഷ്ടപ്പാടുകൾ ഞങ്ങൾക്ക് കണ്ടപ്പോൾ സാങ്കേതികത തൊട്ട് തീണ്ടാത്ത കാലത്ത് ഇങ്ങനെ ഒരു നിർമ്മിതി ഉണ്ടാക്കിയ മനുഷ്യരാശിയുടെ ദിശാബോധത്തെയും അത് ചെയ്യുവാനുള്ള അന്നത്തെ മനുഷ്യരുടെ ഇച്ഛാശക്തിയെയും നാം നമിച്ചുപോകും. ഗംഗാസാമ്രാജ്യത്തിലെ നേമിചന്ദ്ര സിദ്ധാര്‍ത്ഥ ചക്രവര്‍ത്തിയുടെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഗോമതേശ്വര പ്രതിമയും ക്ഷേത്രവും നിർമിച്ചത്.

പടികൾ കയറി മുകളിലെ കവാടം കയറി ചെല്ലുമ്പോൾ ആദ്യത്തെ ക്ഷേത്രം കാണാം. ചിലയിടത്തെല്ലാം പാറകളിൽ ലിഖിതങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ഇതെല്ലാം ഗ്ളാസിട്ട് സംരക്ഷിച്ചിട്ടുണ്ട്. മുകളിൽ നിന്ന് നോക്കുമ്പോൾ പട്ടണവും കുളവും അപ്പുറത്ത് ചന്ദ്രഗിരികുന്നും ഒക്കെ കാണാം. ഏകദേശം 800 ഓളം ലിഖിതങ്ങൾ കൂടുതലും ‘പ്രാകൃതി, പൂർവ്വകാല കന്നഡ, ഹലേഗന്നഡ’ എന്നീ ഭാഷകളിൽ എ ഡി 600 നും 1830 ഇടയിൽ രേഖപെടുത്തിയതായി കരുതുന്നു.ഗംഗൻ, രാഷ്ട്രകൂടൻമാർ, ഹോയല്ല വംശജർ തുടങ്ങി നിലവിലെ വോഡയാർ വംശജരെ പറ്റിവരെ ഈ ലിഖിതങ്ങളിൽ പറയുന്നത്രേ.എന്തായാലും അവയെലാം കണ്ണാടിയിട്ട് പുരാവസ്‌തു വകുപ്പ് കൃത്യമായി സൂക്ഷിച്ചിരിക്കുന്നു. ആദ്യ കാണുന്ന ബസതി കയറി തൊഴുതു. കൂടാതെ ഈ കരിങ്കൽ മലയുടെ മുകളിൽ ചെറുതും വലുതുമായ എട്ടോളം ക്ഷേത്രങ്ങൾ,മണ്ഡപങ്ങൾ , ദ്വാര വാതിലുകൾ , കരിങ്കൽ തൂണുകൾ, ആർച്ചുകൾ ഒക്കെ കാണാം.

വീണ്ടും ചെറിയ പടിക്കെട്ടുകൾ കയറി പ്രധാന ക്ഷേത്രത്തിൽ കയറി മസ്തകാഭിഷേകം നടക്കുന്നതിനാൽ ചെറിയ തോതിൽ തിരക്കുണ്ട്. മയിൽ‌പീലി കെട്ടുകളുമായി വിവസ്ത്രരായ ദിഗംബര സന്യാസിമാരും വെള്ളവസ്ത്രങ്ങളിൽ ശ്വേതബര സന്യാസിമാരും ധാരാളം ജൈന ഭക്തജങ്ങളെയും കാണാം. ദിക്ക് അമ്പരമാക്കിയവരാണ് ദിഗംബരർ. ഭൗതികമായ വ്യത്യാസമാല്ലാതെ മറ്റൊന്നും എനിക്ക് മനസിലാക്കാൻ ആയില്ല. അഹിംസയിൽ ഊന്നിയതാണ് ജൈന മതം. ഓരോ ജീവനും വിലപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ കത്തുന്ന വിളക്കിൽ പ്രാണികൾ വീണ് മരിക്കാതിരിക്കാൻ അവർ വിളക്കുകൾ പോലും കത്തിക്കാറില്ല എന്ന കാര്യം എനിക്ക് അത്ഭുതം ഉണ്ടാക്കി. ഭക്തി ഗാനങ്ങളും ഒപ്പം ആയിരക്കണക്കിന് കുടം പാല്‍, ഇളനീര്‍, നെയ്യ്, തൈര്, കുങ്കുമം, ശര്‍ക്കര, നേന്ത്രപ്പഴം, ചന്ദനകുഴമ്പ് എന്നിവ കൊണ്ട് ഗോമതേശ്വര പ്രതിമയെ ഭക്തതർ അഭിഷേകം ചെയ്യുന്നു. അതിനായി താത്കാലിക പടവുകൾ പന്തലും ഒക്കെ ഒരുക്കിയിട്ടുണ്ട്.

ആരാണ് ബാഹുബലി. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായിരുന്നു അയോധ്യ ഭരിച്ചിരുന്ന ഋഷഭദേവന്‍. ഋഷഭതീര്‍ത്ഥങ്കരന് യശസ്വതി,സുനന്ദ എന്ന് രണ്ട് ഭാര്യമാര്‍.ഇതില്‍ യശസ്വതിക്ക് ഭരതന്‍ തുടങ്ങി 100 പുത്രന്മാരും ബ്രാഹ്മി എന്ന ഏക പുത്രിയും, സുനന്ദാദേവിക്ക് ബാഹുബലി എന്ന ഏകപുത്രനും സൌന്ദരി എന്ന പുത്രിയും ഉണ്ടായിരുന്നു. ഉത്തമരീതിയില്‍ രാജ്യഭരണം നടത്തിയ ഋഷഭന്‍ പിന്നീട് രാജ്യഭാരമെല്ലാം മക്കളെ ഏല്‍പ്പിച്ച് സന്യാസം സ്വീകരിക്കുന്നു. മൂത്തമകനായ ഭരതന് അയോദ്ധ്യയും, രണ്ടാമനായ ബാഹുബലിക്ക് പൌദനാപുരവുമായിരുന്നു ഭാഗിച്ചു കൊടുത്തത്. ഭരതന്‍ പിന്നീട് ദ്വിഗ് വിജയത്തിനിറങ്ങുകയും വര്‍ഷങ്ങളോളം നീണ്ട ദ്വിഗ് വിജയത്തില്‍ സാമന്തരാജാക്കന്മാരെല്ലാം കീഴടങ്ങി. സഹോദരന്മാരില്‍ ബാഹുബലി ഒഴികെയുള്ളവര്‍ എല്ലാവരും ദീക്ഷ സ്വീകരിച്ച് സന്യാസത്തിന് പോയി.

സമ്പൂര്‍ണ ദ്വിഗ് വിജയത്തിനായി ബാഹുബലിയുമായുള്ള യുദ്ധത്തിന് ഭരതന്‍ തയ്യാറെടുത്തു. ഉയരത്തിലും ശരീരപ്രകൃതിയിലും ഭരതനേക്കാള്‍ മികച്ചവനായ ബാഹുബലി ദൃഷ്ടിയുദ്ധം,ജലയുദ്ധം,മല്ലയുദ്ധം എന്നീ മൂന്ന് യുദ്ധമുറകളിലും ജയം കൈവരിച്ചു.എന്നാല്‍ ജേഷ്ഠനോട് യുദ്ധം ചെയ്യേണ്ടിവന്നതില്‍ ബാഹുബലിയ്ക്ക് വല്ലാത്ത ഖേദം തോന്നുകയും, കുറ്റബോധം കാരണം അദ്ദേഹം സന്ന്യാസദീക്ഷയെടുക്കാന്‍ തീരുമാനിച്ചു. ബാഹുബലിയുടെ ഈ തീരുമാനം ഭരതനെ വല്ലാതെ ദുഃഖിപ്പിച്ചു. അനുജനെ പിന്തിരിപ്പിക്കാന്‍ ആവുന്നതും അദ്ദേഹം ശ്രമിച്ചെങ്കിലും ബാഹുബലി വഴങ്ങിയില്ല. തുടര്‍ന്ന് ബാഹുബലി നിന്നുകൊണ്ട് തപസ്സ് അനുഷ്ഠിച്ചു. തപസ്സ് നീണ്ടുനീണ്ട് പോകുകയും വള്ളിയും പടര്‍പ്പുകളുമൊക്കെ ബാഹുബലിയുടെ ശരീരത്തിലൂ‍ടെ ചുറ്റിപ്പിടിക്കാനുമൊക്കെ തുടങ്ങി.

പക്ഷേ സഹോദരന്റെ ഭൂമിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്ന ദുരഭിമാനം കാരണം മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസ്സിലാക്കിയ ഭരതന്‍ രാജ്യം ബാഹുബലിയെ തിരികെ ഏല്‍പ്പിച്ചു. പിന്നീട് ബാഹുബലി ഋഷഭദേവന്റെ മുന്നില്‍ ധ്യാനാരൂഢനായി ജ്ഞാനോദയ പ്രാപ്തനായി. കൈലാസപർവതത്തിൽ വെച്ച് അദ്ദേഹത്തിന് മോക്ഷം ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ബാഹുബലിയാണ് ജൈനരുടെ ആദ്യത്തെ മോക്ഷഗാമിയായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ എ.ഡി. 981ൽ ഗോമതേശ്വര പ്രതിമ നിർമിച്ചതെന്ന് അതിന്റെ ചുവട്ടില്‍ ദേവനാഗരി ലിപിയില്‍ പ്രാകൃതത്തിലെഴുതിയ സ്തുതിഗീതങ്ങള്‍ സൂചിപ്പിക്കുന്നു.

മുകളിൽ നിന്നുള്ള കാഴ്ചകൾ കണ്ടും ഫോട്ടോ എടുത്തും അമ്പലത്തിൽ ഒരു ഭാഗത്തെ അറയിൽ സ്ഥാപിച്ചിട്ടുള്ള തീർത്ഥങ്കരൻമാരുടെയും യോഗികളുടെയും സ്തൂപങ്ങളിൽ തൊഴുത്ത് പുറത്തിറങ്ങി. ആകെ 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ ഋഷഭദേവനും 24 മത് മഹാവീരനാണ്.ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. 84,000 വർഷങ്ങൾക്കുമുൻപ് ജീവിച്ചിരുന്ന ‘നേമിനാഥൻ’ എന്ന തീർത്ഥങ്കരൻ ഭഗവാൻ ശ്രീകൃഷ്ണന്റെ ബന്ധുവായിരുന്നു എന്നും ജൈനർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഭഗവത് ഗീത ജൈനർക്കും അഭിമതമാണ്. നാം പലപ്പോഴും അവസാന തീർത്ഥങ്കരനായ വർത്തമാന മഹാവീരനെ ജൈനമത സ്ഥാപകനായി പലരും കാരുതുമ്പോഴും എന്നാൽ അതിനും എത്രയോ മുൻപ് ഈ വിശ്വാസം ആരംഭിച്ചിരുന്നു.

ക്ഷേത്രത്തിന് ചുറ്റും നടന്ന കണ്ട എന്നെ സമയമായി എന്ന് കാര്യം രജീഷ് വീണ്ടും ഓർമിപ്പിച്ചു. കയറുന്നതിനെകാള്‍ തിരികെഇറങ്ങാന്‍ ബുദ്ധിമുട്ട് തോന്നി. നൂറ്റാണ്ടിനപ്പുറം ഇന്നും ഇത്തരം നിര്‍മ്മിതികള്‍ മനുഷ്യരാശിയെ വിസ്മയതിലാഴ്ത്തുന്നു. ഏതായാലും ക്ഷേത്രം കണ്ടിറങ്ങി താഴെ വിശ്രമിക്കുമ്പോൾ ആ 700 പടികെട്ടിനു മുകളിൽ ഞാൻ കണ്ടത് ശെരിക്കും മനുഷ്യചാപല്യങ്ങളെയും മോഹങ്ങളെ അതിജീവിച്ച് ജയിച്ച ജിന്നനായ മനുഷ്യരെയാണ്. ഭൗതിക നേട്ടങ്ങള്‍ക്കും വ്യക്തിതാത്‌പര്യങ്ങള്‍ക്കുമായി ആദ്യാത്മികത ചിലയിടത്തെങ്കിലും കച്ചവടവത്കരികുമ്പോൾ വസ്ത്രങ്ങളുള്‍പ്പടെയുള്ള സകല ലൗകിക വസ്തുക്കളും ത്യജിച്ച് രത്നത്രയങ്ങളിൽ ഊന്നി ജീവിക്കുന്ന നൂറുകണിക്കിന് മഹാവീരന്മാർ മനുഷ്യരാശിയുടെ ശാന്തിക്കും സമാധാനത്തിനുമായി നിശബ്ദരായി എവിടെയൊക്കെയോ പ്രാർത്ഥിക്കുന്നുണ്ടാകാം.

238 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close