കൊച്ചി: അഴിമതി ആരോപണത്തെ തുടര്‍ന്ന് കെസിഎ മുന്‍ അധ്യക്ഷന്‍ ടി സി മാത്യുവിന്റെ അംഗത്വം റദ്ദാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന്റെ ശുപാര്‍ശ കെ.സി.എ. ഭരണസമിതി അംഗീകരിച്ചു. നിലവിലെ ഭരണസമിതിക്കും മുന്‍ ഭരണസമിതിക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ജനറല്ബോഡിയറിയാതെ കെസിഎയുടെ ഭരണഘടന തിരുത്താന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തെ കുറിച്ചും ചര്‍ച്ചയാവശ്യപ്പെട്ട് ഒരു വിഭാഗം കെസിഎ ഓംബുഡ്സ്മാനെ സമീപിച്ചിരുന്നു.ജനറല്‍ ബോഡി യോഗത്തിന്റെ അനുമതിയില്ലാതെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്നാണ് ഒരുവിഭാഗം അംഗങ്ങള്‍ ഉന്നയിക്കുന്ന ആക്ഷേപം. ഗുരുതരമായ ഈ വിഷയങ്ങള്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ചയായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ഇപ്പോഴത്തെ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരെയും അംഗങ്ങളില്‍ ചിലര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. ജയേഷ് ജോര്‍ജിനെതിരായ അഴിമതി ആരോപണം ജനറല്‍ബോഡി യോഗത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും ഇതും ചര്‍ച്ചയാക്കണമെന്നും ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് സംഘടനയുടെ ഭരണഘടന ഏകപക്ഷീയമായി തിരുത്തിയെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്.