Yatra

മേഘരൂപങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര… സന്ദാക്കു – ഫലൂട്ട് ട്രക്കിങ്ങ്

എസ്‌. സുജിത് കുമാര്‍

നാം യാത്ര ചെയ്യുന്ന ഓരോ സ്ഥലത്തിന്റെയും ഭംഗി ആസ്വദിക്കുന്നതില്‍ നാം ജീവിച്ചു വളര്‍ന്ന ചുറ്റുപാടുകളും യാത്ര ചെയ്യുന്ന സമയത്തെ മാനസികാവസ്ഥയുമായും ഒരുപാട്
ബന്ധപ്പെട്ടിരിക്കുന്നു. ഈയുള്ളവന്‍ മദ്ധ്യ തിരുവിതാംകൂറിലെ കുറ്റൂര്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. പടുകൂറ്റന്‍ മലകളും അനുബന്ധമായ ജീവിത രീതികളും അത്ര സുപരിചിതമല്ലാത്ത ചുറ്റുപാടുകള്‍. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരാളുടെയും
ജീവിതവുമായി ഇതിനു വലിയ മാറ്റം ഒന്നും ഇല്ലെന്നു കരുതുന്നു.

പൊന്മുടിയും മൂന്നാറും വയനാടുമൊക്കെയാണ് നമ്മെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍. ഇവിടെയാണ് സന്ദാക്കു – ഫലൂട്ട് എന്നീ സ്ഥലങ്ങളെകുറിച്ച് അറിയേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചു മലനിരകളില്‍ നാലും കാണാന്‍ സാധിക്കും
എന്നുള്ളതാണ് ഇന്ത്യയെയും നേപ്പാളിനെയും വേര്‍തിരിക്കുന്ന കിഴക്കന്‍ ഹിമാലയത്തിലെ സിംഗാലില മലനിരകളിലെ ഈ രണ്ടു സ്ഥലങ്ങളിലെക്ക് സഞ്ചാരികളെ നയിക്കുന്ന പ്രധാന ഘടകം. എവറസ്റ്റ്, കാഞ്ചന്‍ജംഗ, ലൊട്‌സെ, മക്കാലു എന്നീ മലനിരകളെല്ലാം
വീക്ഷിക്കുവാന്‍ തന്നെയാണ് ഈ യാത്രയും തുടങ്ങിയത്.

സന്ദാക്കുവിലേക്കുള്ള യാത്രക്കായി ആദ്യം എത്തിയത് വെസ്റ്റ് ബംഗാളിലെ ന്യൂജല്‍പായിഗുരിയിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെക്കും നമ്മുടെ അയല്‍ രാജ്യമായ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെക്കുമുള്ള ഒരു പ്രവേശന കവാടം എന്ന്
വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലമാണ് ന്യൂജല്‍പായിഗുരി. അതുകൊണ്ട് പല ദിക്കിലെക്കു പോകുന്ന ഒരുപാട് സഞ്ചാരികളാല്‍ ഇവിടെ നിറഞ്ഞിരിക്കുന്നു. അവരില്‍ വളരെ കുറച്ചു പേരെ മാത്രമേ സന്ദാക്കുവിലേക്കു പോകുന്നത് കാണുവാന്‍ സാധിക്കു. സിക്കിം, ഭൂട്ടാന്‍ എന്നീ സ്ഥലങ്ങളോടുള്ള സഞ്ചാരികളുടെ പ്രിയവും ട്രക്കിങ്ങ് (കാല്‍ നടയായി സഞ്ചരിക്കുക) എന്നത് ശാരീരിക അധ്വാനമുള്ള കാര്യമാണ് എന്നതും സന്ദാക്കു അല്‍പ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനു കാരണമായിട്ടുണ്ട്.

സന്ദാക്കുവിലേക്കുള്ള ട്രക്കിങ്ങ് തുടങ്ങുവാനായി ന്യൂജല്‍പായിഗുരി റയില്‍വേ സ്റ്റേഷനില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചു മനേബഞ്ചന്‍ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ് ആദ്യം എത്തിയത്. അവിടെ നിന്നും 75 കിലോ മീറ്ററോളം ആറു ദിവസങ്ങള്‍ കൊണ്ട്
സഞ്ചരിച്ച് ഭാരങ് എന്ന ഗ്രാമത്തില്‍ എത്തുമ്പോഴാണ് ട്രക്കിങ്ങ് പൂര്‍ണമാകുന്നത്. ഇതിനിടയിലുള്ള ഓരോ ദിവസവും മലനിരകള്‍ക്ക് ഇടയിലുള്ള കൊച്ചു ഗ്രാമങ്ങളാണ് സഞ്ചാരികള്‍ക്കുള്ള ഇടത്താവളമാകുന്നത്. മൂന്നോ നാലോ വീടുകള്‍ മാത്രമുള്ള ഗ്രാമങ്ങള്‍.

മനേബഞ്ചനിലുള്ള താമസത്തിനു ശേഷം അടുത്ത ദിവസം രാവിലെ ഗൈഡിന്റെ ഒപ്പം ടോങ്‌ളു എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി. അടുത്ത ആറു ദിവസത്തേക്കുള്ള ആവശ്യസാമഗ്രികള്‍ നിറഞ്ഞ ബാഗും കുത്തനെയുള്ള മലനിരയും കൂടി ആകുമ്പോള്‍ ആദ്യ ദിവസത്തെ ടോങ്‌ളുവിലേക്കുള്ള ട്രക്കിങ്ങ് അല്‍പ്പം കടുക്കും. ഏതൊരു ട്രക്കിങ്ങിന്റെയും
ഭാഗമാണ് ഈ ബുദ്ധിമുട്ടുകള്‍. 11 കിലോ മീറ്ററോളം വരുന്ന ഈ യാത്രക്ക് ഏഴു മണിക്കൂറുകളോളം എടുത്തു. മൂടല്‍ മഞ്ഞു കാഴ്ച മറച്ചില്ലെങ്കില്‍ വിദൂരത്തിലുള്ള കാഞ്ചന്‍ജംഗയുടെ ദൃശ്യം ടോങ്‌ളുവില്‍ നിന്ന് തന്നെ കാണാവുന്നതാണ്.

സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വേഗത്തിലുള്ള കാലാവസ്ഥ വ്യതിയാനം. സന്ദാക്കു ട്രക്കിങ്ങ് സമുദ്രനിരപ്പില്‍ നിന്ന് 3636 മീറ്റര്‍ ഉയരത്തില്‍ വരെ എത്താറുണ്ട്. അതായതു കാര്‍മേഘങ്ങള്‍ക്കൊപ്പമാണ് പലപ്പോഴും സഞ്ചരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകള്‍ എന്ത് കാണുന്നു എന്നത് കാലാവസ്ഥ നിര്‍ണ്ണയിക്കുന്നു പലയിടങ്ങളിലും.

ടോങ്‌ളുവിലുള്ള രാത്രി താമസത്തിനും വിദൂരത്തിലുള്ള കാഞ്ചന്‍ജംഗയുടെ കാഴ്ച്ചക്കും ശേഷം അടുത്ത ദിവസം 15 കിലോമീറ്ററോളം നടന്നു കാലേപൊക്രി എന്ന ഇടത്താവളത്തില്‍ എത്തി. ഈ വിദൂര യാത്രക്കിടയില്‍ മനുഷ്യവാസമൊന്നും അത്രക്ക് കാണുവാന്‍ സാധിക്കില്ല.
ട്രക്കിങ്ങിനു ഇടയിലുള്ള കയറ്റങ്ങളും ഇറക്കവും, ഒപ്പം മൂടല്‍ മഞ്ഞും ഇളം മഴയുമെല്ലാം യാത്രയെ മനോഹരവും അല്‍പ്പം കഠിനവുമാക്കുന്നു. ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കും, തിരിച്ചുമൊക്കെ അറിഞ്ഞും അറിയാതെയുമൊക്കെ യാത്രികര്‍ കടന്നു പോയിക്കൊണ്ടേയിരിക്കും.

ഈ രണ്ടു രാജ്യങ്ങളും സാംസ്‌കാരികമായി എത്രമാത്രം ചേര്‍ന്നിരിക്കുന്നു എന്നത് പലയിടങ്ങളിലും കാണുവാന്‍ സാധിക്കും. എല്ലാ അതിര്‍ത്തികളും മുള്ളുവേലികളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലുകളൊക്കെ ഇങ്ങനെയൊരു യാത്ര മാറ്റിത്തരും. യാത്രക്കിടയിലുള്ള ബുദ്ധിസവുമായി ബന്ധപ്പെട്ട മൊണാസ്റ്ററികളൊക്കെ ഒരു വിശ്രമ കേന്ദ്രമാകുന്നു. നാടും അവിടുത്തെ ജനതയും ബുദ്ധിസവുമായി വളരെ അടുത്തിരിക്കുന്നതിനാല്‍ തന്നെയായിരിക്കാം മനോഹരമായ കാഞ്ചന്‍ജംഗ മലനിരകളെ ഉറങ്ങുന്ന ബുദ്ധന്‍ എന്ന് വിളിക്കുന്നത്.

പരിമിതമായ സൗകര്യങ്ങള്‍ കൊണ്ട് ജീവിക്കുക എന്നതാണ് ഈ സ്ഥലങ്ങളില്‍ കണ്ടുമുട്ടുന്നവരില്‍ പ്രധാനമായും കാണാന്‍ സാധിക്കുന്നത്. ഇതു ഈ വഴിയിലൂടെ
യാത്ര ചെയ്യുന്നവര്‍ക്കും ബാധകമാണ്. വലിയ വിഭവങ്ങളൊന്നും ഇല്ലാത്ത ചോറും കറിയുമോ മാഗ്ഗിയോ ഒക്കെയാണ് നിങ്ങള്‍ക്ക് യാത്രക്കുടനീളം ലഭിച്ചേക്കാവുന്ന പ്രധാന ആഹാരം. ഇതൊക്കെ കാണുമ്പോള്‍ സ്വന്തം നാട്ടില്‍ മാത്രം ജീവിച്ചു മറ്റു നാട്ടിലുള്ളവരുടെ ജീവിതത്തെ
അപഹസിക്കുന്നവര്‍ ഒരിക്കലെങ്കിലും ഈ നാടുകളിലൂടെ നാട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്തു നോക്കേണ്ടതിന്റെ ആവശ്യം മനസിലാകും. ഒരു സമൂഹത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസം മാത്രമല്ല അവരുടെ ജനിച്ചു വളര്‍ന്ന ഭൂപ്രകൃതിക്കും
പ്രാധാന്യമുണ്ടെന്നു ഈ നാട് കാണിച്ചുതരും.

ഈ വെളിപാടുകള്‍ക്കു ശേഷം അടുത്ത ദിവസം സന്ദാക്കുവിലേക്കു യാത്ര തുടര്‍ന്നു. ഈ യാത്രയ്ക്കിടയില്‍ ഒരു ദിവസത്തിലെ ഏറ്റവും കുറഞ്ഞ ദൂരം ആണ് കാലേപൊക്രിയില്‍ നിന്ന് സന്ദാകുവിലേക്കുള്ളത്. പക്ഷേ കുത്തനെയുള്ള കയറ്റം കാരണം ഏറ്റവും ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ദിവസമാണ് സന്ദാക്കുവിലെക്കുള്ള 6 കിലോമീറ്റര്‍. മൂന്നു മണിക്കൂര്‍ നീണ്ട ട്രക്കിങ്ങിനു ശേഷം സന്ദാക്കുവില്‍ എത്തി. യാത്രികര്‍ക്ക് ഏറ്റവും
അധികം സൗകര്യമുള്ള സ്ഥലവും കൂടിയാണ് സന്ദാക്കു. പല ആളുകളും ട്രക്ക് ചെയ്യാതെ തന്നെ ജീപ്പുകളിലും മറ്റും സന്ദാക്കുവിലേക്കു നേരിട്ടു വരുന്നതും ഇവിടെ കാണാന്‍ സാധിക്കും. ആ ദിവസം മനോഹരമായ സൂര്യാസ്തമയം ആണ് സഞ്ചാരികള്‍ക്കു വേണ്ടി സിംഗാലില മലനിരകളിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ സന്ദാക്കു ഒരുക്കിയത്.

അടുത്ത ദിവസം അതിരാവിലെ വരെ കാത്തിരിക്കേണ്ടി വന്നു കാര്‍മേഘങ്ങള്‍ മായുവാനും കാഞ്ചന്‍ജംഗയുടെ വ്യക്തമായ ദൃശ്യങ്ങള്‍ കാണുവാനും. ചലിക്കുന്ന കാര്‍മേഘങ്ങള്‍ക്കിടയില്‍ സൂര്യോദയ സമയത്തെ രശ്മികള്‍ ഉറങ്ങുന്ന ബുദ്ധന്റെ നിറം സാവധാനം മാറ്റിക്കൊണ്ടേയിരുന്നു. ഒരു ശരാശരി മലയാളിയായ യാത്രികനെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായി വെളുത്തു മഞ്ഞുമൂടിയിരുക്കുന്ന ഒരു മലയുടെ ദൃശ്യം അല്‍പ്പം കണ്ണിനു കുളിര്‍മ നല്‍കുന്നത് തന്നെയായിരുന്നു. കുംഭകര്‍ണ, ത്രീ സിസ്റ്റേഴ്‌സ് തുടങ്ങിയ ഉയര്‍ന്ന മലനിരകളെല്ലാം ഇവിടെ നിന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ കാര്‍മേഘങ്ങള്‍ മൂടിയതിനാല്‍ സന്ദാക്കുവില്‍ നിന്നുള്ള മൗണ്ട് എവറസ്റ്റിന്റെ ദൃശ്യങ്ങള്‍ മൂടിയിരുന്നു.

ഈ കാഴ്ചകള്‍ക്ക് ശേഷം ഫലൂട്ടിലേക്കു യാത്ര തുടര്‍ന്നു. 21 കിലോ മീറ്ററോളം സഞ്ചരിച്ചു വേണം ഫലൂട്ടില്‍ എത്താന്‍. യാത്രക്കിടയില്‍ ഏറ്റവും ദൂരം സഞ്ചരിക്കേണ്ടത് സന്ദാക്കു – ഫലൂട്ട് പാതയിലാണ്. ഈ യാത്രക്കിടയില്‍ സബര്‍ഗ്രാം എന്ന സ്ഥലത്തെ ഒരു ചെറിയ കട മാത്രമാണ് ട്രക്ക് ചെയ്യുന്നവരുടെ ആശ്രയം. സാമാന്യം സമതലങ്ങള്‍ ആണെന്നത്താണ് ഈ ഭൂപ്രദേശം ട്രക്ക് ചെയ്യുന്നവര്‍ക്ക് ഇത്രദൂരം എത്താന്‍ സഹായിക്കുന്നത്. എട്ടു മണിക്കൂറുകളോളം നടക്കേണ്ടിവന്നു ഈ യാത്ര പൂര്‍ത്തിയാകാന്‍.

ഫലൂട്ട് സന്ദാക്കുവുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം ഉയരം കുറഞ്ഞതും സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിടവുമാണ്. പുല്‍ത്തകിടികള്‍ കൊണ്ട് നിറഞ്ഞ ചെറിയ കുന്നുകളാല്‍ രൂപപ്പെട്ട സ്ഥലം. ഇവിടെ നിന്നും അടുത്ത ദിവസം രാവിലെ കാഞ്ചന്‍ജംഗക്കൊപ്പം മൗണ്ട് എവറസ്റ്റും ദൃശ്യമായി. സന്ദാക്കുവിനെക്കാള്‍ മികച്ച കാഴ്ച
യാത്രികര്‍ക്ക് ഫലൂട് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലം തന്നെയാണ് ഫലൂട്.

ഈ ദൃശ്യത്തിന് ശേഷം, അടുത്ത ദിവസം ഗോര്‍ഖെയ് എന്ന സ്ഥലത്തേക്കും, അവിടെ നിന്ന് ഭാരങ്ങിലേക്കും ട്രക്ക് ചെയ്താണ് യാത്ര പൂര്‍ണമാകുന്നത്. ആറു ദിവസം നീണ്ട ഈ ട്രക്കിങ്ങിനു ഇടയില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം വളരെയധികം വിദേശ സഞ്ചാരികളുടെ വരവാണ്. ഇസ്രായേല്‍, ഫ്രാന്‍സ്,സ്വിറ്റ്‌സ്ര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുപാട് യാത്രികരെ കാണുവാന്‍ സാധിച്ചു. ഇവരെയൊക്കെ ഇന്ത്യയിലേക്ക് നയിക്കുന്ന പ്രധാന
ഘടകം നമ്മുടെ നാടിന്റെ ഭൂപ്രകൃതിയിലും ജീവിതരീതിയിലുമുള്ള വൈവിധ്യങ്ങളാണ്. സിംഗാലില മലനിരകള്‍ വെസ്റ്റ് ബംഗാളിലെ ഗോര്‍ഖാലാന്‍ഡ് ടെറിട്ടറിയിലാണ് നിലകൊള്ളുന്നത്. ബംഗാളി ജീവിത രീതികളുമായി ഇവര്‍ക്ക് വളരെയധികം വ്യതിയാനം ഉണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗോര്‍ഖാലാന്‍ഡ് സംസ്ഥാനം എന്ന വാദത്തിന്റെയും
അടിസ്ഥാനം ഇതു തന്നെയാണ് എന്നത് മറുവശം.

പാഠപുസ്തകങ്ങളില്‍ പഠിച്ച വൈവിധ്യം എന്ന വാക്ക് നമ്മുടെ രാജ്യവുമായി എത്രമാത്രം
ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഇങ്ങനെയുള്ള യാത്രകള്‍ നമ്മെ പഠിപ്പിക്കും. ഇന്ത്യയിലെ ട്രക്കിങ്ങിനു അനുയോജ്യമായ പ്രദേശങ്ങളില്‍ സന്ദാക്കു ബുദ്ധിമുട്ടു കുറഞ്ഞ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അത്രയധികം ചിലവുള്ളതല്ല സന്ദാക്കു ട്രക്കിങ്ങ്. താമസത്തിനും ആഹാരത്തിനുമായി ഒരു ദിവസം ചിലവ് ആയിരത്തില്‍ താഴെ മാത്രമേ
വരികയുള്ളു. കൂടാതെ ഗൈഡിന്റെ ഫീസ് യാത്രികര്‍ വഹിക്കേണ്ടതുണ്ട്. ആദ്യമായി ദീര്‍ഘദൂര ട്രക്കിങ്ങ് തുടങ്ങുവാന്‍ അനുയോജ്യമായ സ്ഥലം. യാത്രയിലുടനീളം ഒരു ദിവസം നിങ്ങള്‍ക്ക് മൂന്നോ നാലോ ജീപ്പുകള്‍ക്കപ്പുറം ഈ വഴിയിലൂടെ പോകുന്നത് കാണുവാന്‍ സാധിക്കില്ല. ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടായാല്‍ ഈ വാഹനങ്ങള്‍ വരുന്നത് വരെയോ അടുത്തുള്ള ഇന്ത്യന്‍ ആര്‍മിയുമായി ബന്ധപ്പെടുന്നത് വരെയോ കാത്തിരിക്കേണ്ടിവരും.

അതുകൊണ്ട് തന്നെ പ്രഥമ ശ്രുശ്രൂഷക്കുള്ള മരുന്നുകള്‍, ട്രക്കിങ്ങിനു ആവശ്യമുള്ള ഷൂസ്,
തണുപ്പിനും മഴയത്തും ധരിക്കാവുന്ന വസ്ത്രങ്ങള്‍, ഡ്രൈ ഫ്രൂട്ട്,ടോര്‍ച് എന്നിവ തീര്‍ച്ചയായും കൈയില്‍ കരുതിയിരിക്കണം. നാലോ അഞ്ചോ പേരുള്ള ഒരു ഗ്രൂപ്പായി  പോകുന്നതായിരിക്കും അനുയോജ്യം. എല്ലാവിധ ദുശീലങ്ങളും ഒഴിവാക്കിയിട്ടു വേണം ട്രക്കിങ്ങിനു പോകുവാന്‍. കൂടെയുള്ള ഗൈഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. യാത്രികരെ സഹായിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്തവരാണ് ഈ മലനിരയിലെ നാട്ടുകാര്‍. പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിയാതിരിക്കാനുള്ള മര്യാദ ഓരോ യാത്രികരും പാലിക്കണം. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലാവസ്ഥ സന്ദാക്കു ട്രിപ്പിന് അനുയോജ്യമാണ്. മഞ്ഞും പൂക്കളും നിറഞ്ഞ ഒരു ഭൂപ്രകൃതി ആസ്വദിക്കുവാന്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവ് അനുയോജ്യമായിരിക്കും.

ഏവരും എന്ത് കാര്യത്തിലാണെങ്കിലും ഒരു പ്രതീക്ഷ വെക്കുന്നവരാണ്. സന്ദാക്കുവിലെക്കുള്ള യാത്ര തീരുമാനിക്കുമ്പോഴുള്ള പ്രധാന പ്രതീക്ഷ എവറസ്റ്റും കാഞ്ചന്‍ജംഗയും കാണുക എന്നതായിരുന്നു. പക്ഷേ യാത്ര അവസാനിക്കുമ്പോള്‍ അവക്കെല്ലാം അപ്പുറം യാത്രികനെ ഓര്‍മിപ്പിക്കുന്നത് സംഗലീല പാതയിലൂടെയുള്ള നടത്തവും അതു കാണിച്ചു തരുന്ന ജീവിതങ്ങളും പ്രകൃതിയുടെ മനോഹാരിതയുമൊക്കെയാണ്. ഇങ്ങനെയുള്ള ഒരു ദീര്‍ഘദൂര യാത്ര നാട്ടിലെ സുഖസൗകാര്യങ്ങള്‍ നിറഞ്ഞ നമ്മുടെ ജീവിതത്തിനു പ്രകൃതി ഒരുപാട് അനുകൂലമായിരുന്നെന്നും അവ നാമായി സൃഷ്ടിച്ചതല്ല എന്നുമുള്ള ഒരു തിരിച്ചറിവില്‍ എത്തിച്ചേക്കും.

ഓരോ നാടും യാത്ര ചെയ്തു മനസ്സിലാക്കേണ്ടതാണ്. ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ന്യൂജല്‍പായിഗുരിയിലേക്കും അവിടെനിന്നു സന്ദാക്കുവിലേക്കും എത്തുക എന്നതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല, മനസുണ്ടായാല്‍ മാത്രം മതി. നാം യാത്ര ചെയ്യുന്ന ഓരോ സ്ഥലത്തിന്റെയും ഭംഗി ആസ്വദിക്കുന്നതില്‍ ജീവിച്ചുവളര്‍ന്ന ചുറ്റുപാടുകള്‍ക്ക് ഒരുപാട് പങ്കുണ്ട്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഇതിലും മനോഹരമായ അനുഭവം ഈ മലനിരകള്‍ നല്‍കിയേക്കാം.

219 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close