Kerala

അയോദ്ധ്യ വിധി; സാമാന്യ നീതിയുടെ നിഷേധം; ഞെട്ടലുളവാക്കുന്നതെന്ന് എസ്ഡിപിഐ; വേദനാജനകവും ദുഃഖകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: അയോദ്ധ്യ വിധിയിൽ സുപ്രീംകോടതിയ്ക്കെതിരെ എസ്ഡിപിഐ. സാമൂഹ്യ നീതിയുടെ നിഷേധമാണെന്നും വിധി ഞെട്ടലുളവാക്കുന്നുവെന്നും എസ്ഡിപിഐ പ്രതികരിച്ചു. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബാബറി ഭൂമി ദില്ലിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നല്‍കിയ സുപ്രീം കോടതി വിധി ഞെട്ടലുളവാക്കിയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സുപ്രീംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ ഇരു കക്ഷികള്‍ക്കും പൂര്‍ണ്ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഭൂമിയും രാം ലല്ലയ്ക്ക് നല്‍കിയത് സാമാന്യ നീതിയുടെ നിഷേധമാണ്. നഗരത്തില്‍ എവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം നല്‍കുന്നത് കേവലം ആളുകളെ സമാധാനിപ്പിക്കുന്നതിനുള്ള നടപടി മാത്രമാണ്.

ഭരണഘടനയുടെ പ്രയോഗവല്‍ക്കരണം ജാതി, മതം എന്നിവ നോക്കാതെ തുല്യതയുടെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഉരകല്ലാണ് ബാബറി പ്രശ്‌നം. നിര്‍ഭാഗ്യവശാല്‍ നിയമനിര്‍മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ശാഖകളും ഒന്നോ അല്ലെങ്കില്‍ മറ്റൊന്നോ പരാജയപ്പെട്ടു.

വേദനാജനകമായ ഈ വിധി സുപ്രീം കോടതിയുടെ സമഗ്രതയെക്കുറിച്ച് ചിന്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരില്‍ ഭയവും നിരാശയും സൃഷ്ടിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും. അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ വിശ്വാസം പുന:സ്ഥാപിക്കാനും കൂടുതല്‍ നിയമപരമായ വഴികള്‍ അന്വേഷിക്കാന്‍ എസ്ഡിപിഐ മുസ്‌ലിം സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, അയോദ്ധ്യ വിധി വേദനാജനകവും ദുഃഖകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. നിയമപരമായി കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമി പറഞ്ഞു.

578 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close