പാലക്കാട്: അട്ടപ്പാടി ആനക്കൊട്ടി മേഖലയില്‍ നടന്ന പരിശോധനയ്ക്കിടെ കമ്മ്യൂണിസ്റ്റു ഭീകരര്‍ രക്ഷപ്പെട്ടതായി തമിഴ്നാട് സ്പെഷല്‍ ടാസ്ക് ഫോഴ്സ്. കഴിഞ്ഞ ദിവസം പിടിയിലായ ദീപക് എന്ന ചന്ദ്രു ഛത്തീസ്ഗഡ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് കാലില്‍ പരുക്കേറ്റിരുന്നു.
പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണി വാസകത്തിന്റെ നേതൃത്വത്തിലുള്ള ഭവാനി ദളത്തിലെ പ്രധാനിയാണ് ദീപക്. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ് ദീപക്. ഇയാള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ ലാപ്ടോപ്പില്‍ നിന്ന് പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് പാലക്കാട് അഗളിയിലെ മഞ്ചിക്കണ്ടിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരും തണ്ടര്‍ ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ നാലു പേര് കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ രണ്ടു പേരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.