ന്യൂഡല്‍ഹി: ശിവസേനാ പ്രതിനിധി കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക്ക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു സാവന്ത്. ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സാവന്ത് രാജിവെച്ചത് എന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ തിടുക്കത്തില്‍ നടത്തുന്നതിനു പിന്നാലെ ഇന്ന് രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് ശിവസേനയുടെ നീക്കമെന്നാണ് സാവന്തിന്റെ രാജിയില്‍ നിന്ന് വ്യക്തമാകുന്നത്.
സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും. കേവല ഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ഗവര്‍ണ്ണറോട് ശിവസേന അഭ്യര്‍ഥിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശിവസേനയോട് നിര്‍ദേശിച്ചിരിക്കുന്നത്. 2014 ല്‍ ബിജെപി ചെയ്തപോലെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.
മുഖ്യമന്ത്രി സ്ഥാനം അടക്കം പങ്കുവെയ്ക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശിവസേനയുമായി ബിജെപി യോജിച്ചിരുന്നില്ല. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളു
ടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഇതില്‍ 105 അംഗങ്ങളാണ് ബിജെപിയ്ക്ക് ഉള്ളത്. ശിവസേനയ്ക്ക് 56 എംഎല്‍എമാരാണ് ഉള്ളത്.
എന്‍സിപിയുമായി ശിവസേന നേരത്തെ സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ആവശ്യം. ഇതിന്റെ ഭാഗമാവാം രാജി എന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ശിവസേനയുടെ നിലപാട് ജനഹിതത്തിന് വിരുദ്ധമെന്ന് ബിജെപി ആരോപിച്ചിരുന്നു. മുന്നണിയായി മത്സരിച്ച് ശിവസേന പിന്നില്‍ നിന്നും കുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.