പരസ്യം കണ്ട് മുറി ബുക്ക് ചെയ്ത കുടുംബം കണ്ടത് പണി തീരാത്ത കെട്ടിടം. അവധിക്കാലം ആഘോഷമാക്കാന്‍ ബുക്ക് ചെയ്ത ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം കുടുംബം തിരിച്ചറിഞ്ഞത്. തങ്ങള്‍ ബുക്ക് ചെയ്ത 5 സ്റ്റാര്‍ ഹോട്ടല്‍ ഇതുവരെയും പണി തീര്‍ന്നിട്ടില്ലെന്നറിഞ്ഞത് സ്ഥലത്തെത്തിയപ്പോഴാണ്.
യുകെയിലെ ലിങ്കണ്‍ഷെയറിലെ ഗെയിന്‍സ്ബറോയില്‍ നിന്നുള്ള മാര്‍ക്ക് മോള്‍ഡ് യാത്രാ കമ്പനിയായ ലവ്‌ഹോളിഡേസ് വഴിയാണ് കുടുംബം താമസത്തിനായുള്ള ആഡംബര ഹോട്ടല്‍ ബുക്ക് ചെയ്തത്. ഇതിനായി 3,465 ഡോളര്‍ (3.2 ലക്ഷം രൂപ) നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അവധിക്കാലം ആസ്വദിക്കാന്‍ കുടുംബം ഈജിപ്തില്‍ എത്തിയത്.
‘രണ്ടാഴ്ചത്തെ അവധിക്കാലം ‘ക്രിസ്റ്റല്‍ ബീച്ച് അക്വാ പാര്‍ക്ക് ആന്റ് ഹോട്ടലില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം’ എന്ന പരസ്യമായിരുന്നു കുടുംബത്തിന് വിനയായത്. ബീച്ചിലേക്കും വാട്ടര്‍ പാര്‍ക്കുകളിലേക്കും പ്രവേശനം ലഭിച്ചതിനാലാണ് സംഘം പരസ്യത്തില്‍ കണ്ടഹോട്ടല്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഓഗസ്റ്റില്‍ അവര്‍ ഈജിപ്തില്‍ വന്നിറങ്ങിയപ്പോയാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര ഹോട്ടലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.
തുടര്‍ന്ന് കുടുംബം പരാതിപ്പെടുമെന്ന് മനസ്സിലാക്കിയ ഹോട്ടല്‍ അധികൃതര്‍ അഞ്ചുപേരടങ്ങുന്ന സംഘത്തെ ഇതര താമസ സ്ഥലങ്ങളിലേക്ക് മാറ്റി. ഹോട്ടല്‍ അധികൃതര്‍ ഒരുക്കി തന്ന മുറികള്‍ വൃത്തിയില്ലാത്തതായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ തങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ മുറി പഴയ കെട്ടിടമാണെന്നും ഉടന്‍ പൊളിച്ചുനീക്കാനുള്ളതാണെന്നും മനസ്സിലായി.
ഇതിനെ തുടര്‍ന്ന് അസ്വസ്ഥരായ വിനോദസഞ്ചാരികള്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. പരാതി ഭയന്ന് ഹോട്ടല്‍ അധികൃതര്‍ വിനോദ സഞ്ചാരികളെ മറ്റൊരു ഹോട്ടലിലേയ്‌ക്ക് മാറ്റി. ഇതിനായി അവരില്‍ നിന്ന് 8,000 ഡോളര്‍ (7.4 ലക്ഷം രൂപ) ‘ഹോള്‍ഡിംഗ് ഡെപ്പോസിറ്റ്’ ആവശ്യപ്പെട്ടു. ഹോട്ടലിനായി കുടുംബം നല്‍കിയ ഫണ്ട് കൈമാറ്റം ചെയ്യപ്പെടും എന്ന് ട്രാവല്‍ കമ്പനി അവര്‍ക്ക് ഉറപ്പ് നല്‍കിയതിനാല്‍ പുതിയ താമസ സ്ഥലത്തിനായി കുടുംബത്തിന് വീണ്ടും പണം നല്‍കേണ്ടിവന്നു.
കുടുംബത്തിന് നേരിട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കമ്പനി അവരോട് മാപ്പു പറയുകയും പിന്നീട് വെബ്സൈറ്റില്‍ നിന്ന് പരസ്യം പിന്‍വലിക്കുകയും ചെയ്തു















