കൊച്ചി: കേരളത്തിൽ ഫുട്ബോളിനെ ഒരു പ്രഫഷനായി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തിലെ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്കായി ‘കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്’ എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഫുട്ബോൾ ട്രെയിനിംഗ് സെന്റർ കൊച്ചി പാർക്ക് വേയിൽ പ്രവർത്തനമാരംഭിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയിൽ മികവുറ്റ പരിശീലനം നൽകികൊണ്ട് കുട്ടികളെ അന്താരാഷ്‌ട്ര ഫുട്ബോൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പരിശീലനം. ഇതിൽ ബ്ലാസ്റ്റേഴ്സ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സെന്ററിനാണ് ഇന്ന് തുടക്കമായത്.
ആദ്യ ട്രെയിന്ംഗ് സെന്ററിന്റെ ഉദ്ഘാടനം ബ്ലാസ്റ്റേഴ്സ് താരങ്ങളായ അബ്ദുൾ ഹക്കു ഡാരൻ കാൽഡെയറ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്. ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15ടീം ഹെഡ് കോച്ച് ഷമീൽ ചെമ്പകത്തിലാണ് ആദ്യദിനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.
30 കുട്ടികളാണ് നിലവിൽ ഇവിടെ പരിശീലനം നടത്തുന്നത്. മൂന്ന് മാസത്തേക്ക് 8000 രൂപയാണ് ഫീസ്. ഏഴ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം. ഇവരിൽ നിന്ന് മികവ് പുലർത്തുന്ന താരങ്ങളെ ബ്ലാസ്റ്റേഴ്സ് അണ്ടർ13, അണ്ടർ 15 ടീമുകളിലേക്ക് തെരഞ്ഞെടുക്കും.
സംസ്ഥാനത്തെ വിവിധ സ്‍കൂളുകളുമായി ചേർന്നാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർക്ക് സ്കൂളുകൾ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നൽകും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക.















