തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ സാധാരണ ടിക്കറ്റ് 95 രൂപയില്‍ നിന്ന് 130 രൂപയായി മാറും. ടിക്കറ്റുകളിന്മേല്‍ ജിഎസ്ടി, ക്ഷേമനിധി തുക എന്നിവയ്‌ക്ക് പുറമേ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ തിയറ്റര്‍ സംഘടനകള്‍ തത്ക്കാലം സ്വീകരിക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തീരുമാനമായില്ല. സര്‍ക്കാരിന് അനുകൂല വിധി വന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടക്കേണ്ടി വരും.
ജിഎസ്ടി നടപ്പില്‍ വന്നപ്പോള്‍ 100 രൂപയുള്ള ടിക്കറ്റിന് 18 ശതമാനം നികുതി, അതിനു മുകളില്‍ 28 ശതമാനം എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫിലിം ഫെഡറേഷന്‍ ഇടപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇളവ് വരുത്തിയിരുന്നു.
സംസ്ഥാനത്തെ സാധാരണ ടിക്കറ്റ് നിരക്ക് 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി, 2 രൂപ സര്‍ ചാര്‍ജ്. കൂടാതെ 12 ശതമാനം ജിഎസ്ടി,1 ശതമാനം പ്രളയ സെസ് എന്നിവ കൂടി ചുമത്തിയപ്പോള്‍ ടിക്കറ്റ് വില 113 രൂപ. ഇതിന് പുറമെ 5 ശതമാനം വിനോദ നികുതിയും അതിനു മുകളില്‍ 5 ശതമാനം ജിഎസ്ടിയും ചുമത്തിയപ്പോള്‍ ടിക്കറ്റിന്റം വില 95-ല്‍ നിന്ന് 106 രൂപയായി. നിലവില്‍ ജിഎസ്ടി 18 ശതമാനം വരുമ്പോള്‍ ടിക്കറ്റിന്റെ നിരക്ക് 95-ല്‍ നിന്ന് 130 രൂപയിലേക്ക് മാറും.















