മുംബൈ: ട്വിറ്ററില്‍ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിന് തെണ്ടുല്‍ക്കര്‍. അര്‍ജുന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് ട്വിറ്ററില്‍ തന്നെ നടപടിക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മകനോ മകളോ ട്വിറ്ററില്‍ ഇല്ലെന്ന് സച്ചിന് വ്യക്തമാക്കി.
അര്‍ജുനും സാറയ്ക്കും ട്വിറ്ററില്‍ അക്കൗണ്ട് ഇല്ലെന്നുള്ള കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. അര്‍ജുന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്. ഈ അക്കൗണ്ടില്‍ നിന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വിദ്വേഷമുളവാക്കുന്ന ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരെ എത്രയും പെട്ടെന്ന് ട്വിറ്റര്‍ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു- സച്ചിന് ട്വിറ്റ് ചെയ്തു.
മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ ഈ വ്യാജ അക്കൗണ്ടില്‍ നിന്നുള്ള കുറിപ്പ് വൈറലായിരുന്നു. സച്ചിന്റെ മകന് സഞ്ജുവിന് വേണ്ടി രംഗത്ത് എന്ന തരത്തില്‍ വലിയ വാര്‍ത്തയായിരുന്നു.