ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവാക്‌സ് ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളും മറ്റ് അത്യാധുനിക സംവിധാനങ്ങളും വാങ്ങാന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം ഡിആര്‍ഡിഒ വികസിപ്പിച്ച ഭാരംകുറഞ്ഞ ഹെലികോപ്റ്ററുകളാണ് ഒരു വിഭാഗമായി പരിഗണിച്ചിരിക്കുന്നത്. ഇവക്കൊപ്പം വിദേശ ആയുധ നിര്‍മ്മാണ കമ്പനികളും ഇന്ത്യന്‍ കമ്പനികളും സംയുക്തമായി നിര്‍മ്മിക്കുന്ന ആത്യാധുനിക ഉപകരണനിര്‍മ്മാണത്തിനും അനുമതി നല്‍കി.
ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണം ശക്തമാക്കലാണ് ഹെലികോപ്റ്റര്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇതിനൊപ്പം വായുസേനയും ഡിആര്‍ഡിഒയും സംയുക്തമായി അവാക്‌സ് സംവിധാനത്തോടെയുള്ള രണ്ടു വിമാനങ്ങളും നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. 6000 കോടി രൂപയാണ് ഇവയ്‌ക്ക് മാത്രം ചിലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ തദ്ദേശീയമായ പ്രതിരോധസംവിധാനങ്ങളും വ്യവസായങ്ങളും കരുത്താര്‍ജ്ജിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്ന് പ്രതിരോധ വകുപ്പ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനികളായ ടാറ്റാ, അദാനി, ഭാരത് ഫോര്‍ജ്, മഹീന്ദ്ര ഡിഫന്‍സ് സിസ്‌ററം എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഫ്രഞ്ച് എയര്‍ബസ്സ് ഹെലികോപ്റ്റര്‍, അമേരിക്കന്‍ സിര്‍ക്കോസ്‌കി, റഷ്യന്‍ റോസോബൊറോണ്‍ എക്‌സ്‌പോര്‍ട്ട് എന്നീ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം സാങ്കേതികമായി സഹകരിക്കും. കരസേനക്ക് രാത്രികാല പെട്രോളിംഗിനായി കാഴ്ച ലഭ്യമാക്കുന്ന ഉപകരണങ്ങള്‍ക്കായി 20,000 കോടിയുടെ പദ്ധതിയും തീരുമാനിച്ചതായി പ്രതിരോധവകുപ്പ് അറിയിച്ചു.















