കുവൈറ്റ് സിറ്റി – പ്രവാസി ലീഗൽ സെൽ കുവൈറ്റ്-ചാപ്റ്റർ ഔദ്യോഗിക ഉദ്ഘാടനം ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും മുൻ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് കുര്യൻ ജോസഫുമാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരികൾ. ഇന്ത്യൻ പ്രവാസി സമൂഹത്തിന് നിയമോപദേശവും കൗൺസിലിംഗും, നിയമ അവബോധവും സൗജന്യമായി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. പി എൽ സി കുവൈറ്റ് ചാപ്റ്ററുമായി കരാറിലേർപ്പെടാൻ മുന്നോട്ടു വന്നിട്ടുള്ളത്, പ്രാരംഭ ഘട്ട ചർച്ചകൾ പൂർത്തിയാക്കിയ ലീഗൽ ഡയറക്റ്റർ സെന്ററിലെ അഭിഭാഷകരായ നാസർ അൽ അജ്മി, യൂസഫ് അൽ മുതൈയറി എന്നിവരാണ്.
ലോക കേരള സഭാംഗവും പ്രവാസി ലീഗ് സെൽ- കുവൈറ്റ് ചാപ്റ്റർ മേധാവിയുമായ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി .ബിജു സ്റ്റീഫൻ സ്വാഗതവും, ട്രഷറർ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യഏകോപനവും നടത്തി. ഉദ്ഘാടന ചടങ്ങില്‍ പ്രവാസി ഇന്ത്യകാരും , പി എൽ സി കുവൈറ്റ് ചാപ്റ്ററുമായി സഹകരിക്കാൻ മുന്നോട്ടുവന്ന അമ്പതോളം കുവൈറ്റ് പൗരന്മാരും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പി എൽ സി കുവൈറ്റ് കോ ഓർഡിനേറ്റർ അനിൽ മൂടാടി നന്ദി പറഞ്ഞു