ന്യൂയോര്‍ക്ക്: സുരക്ഷയുടെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം യുഎസ് നിര്‍ത്തിവെച്ചു. ഫ്ളോറിഡയിലെ പെന്‍സകോല സൈനികത്താവളത്തില്‍ സൗദി വ്യോമസേന ഉദ്യോഗസ്ഥന് മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സൗദിയില്‍നിന്ന് മുന്നൂറിലധികം വ്യോമസേന വിദ്യാര്‍ത്ഥികളാണ് യു.എസില്‍ പരിശീലനം തേടുന്നത്. ആയുധ പരിശീലനം, വിമാനം പറത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് പെന്റഗണ്‍ അറിയിച്ചു.
വ്യോമസേന വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ സൗദിയില്‍നിന്നുള്ള എല്ലാ സൈനിക വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം ബാധകമാണ്, എന്നാല്‍ കോഴ്സ് വര്‍ക്ക്, ഇംഗ്ലീഷ് ഭാഷ ക്ലാസുകള്‍ തുടങ്ങിയവ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡിസംബര്‍ ആറിനാണ് ഫ്ളോറിഡയിലെ യു.എസിന്റെ നാവികത്താവളത്തില്‍ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് വെടിയുതിര്‍ത്ത സൗദി വ്യോമസേന ഉദ്യോഗസ്ഥന് മുഹമ്മദ് സയിദ് അല്‍ഷംറാനി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. സെക്കന്‍ഡ് ലെഫ്റ്റനന്റ് ആണ് മുഹമ്മദ് സയീദ് അല്‍ഷംറാനി.