കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനയ്ക്ക് പേരിടാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര് എല്‍). കുട്ടിയാനയ്ക്ക് ഉടന്‍ പേര് പ്രഖ്യാപിക്കുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ പേരിടാന്‍ പുറമേ നിന്നുളള നിര്‍ദേശങ്ങളൊന്നും സ്വീകരിക്കുന്നില്ല. മെട്രോ അധികൃതര്‍ തന്നെയാണ് പേര് കണ്ടെത്തുക. ജല മെട്രോയ്ക്കായുള്ള ഭാഗ്യചിഹ്നവും പരിഗണനയിലുണ്ട്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യ റൂട്ടിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ആനയ്ക്ക് പേരിടാന്‍ കെ എം ആര് എല്‍ ശ്രമിച്ചിരുന്നു. ഇതിയായി ആനയ്ക്ക് പേരിടനായി ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ പേരുകള്‍ നിര്‍ദേശിക്കാന്‍ അറിയിച്ചിരുന്നു. ഉചിതമായ പേരുകള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ആനയ്ക്ക് പേരിടല്‍ മെട്രോ അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അനയ്ക്ക് പേര് നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് പേരിടല്‍ വേഗത്തില്‍ നടത്താന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചത്.